
ജറുസലേം ലാറ്റിന്‍ കാത്തലിക് പാത്രിയര്‍ക്കീസായി ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ് പിയെര്‍ബാറ്റിസ്റ്റ പിസബല്ലായെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2016 മുതല്‍ ലാറ്റിന്‍ പാത്രിയര്‍ക്കേറ്റിന്റെ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഇസ്രായേല്‍, പലസ്തീന്‍, ജോര്‍ദാന്‍, സൈപ്രസ് എന്നിവിടങ്ങളിലായി കഴിയുന്ന മൂന്നു ലക്ഷത്തോളം ലാറ്റിന്‍ കത്തോലിക്കരാണ് ജറുസലേം പാത്രിയര്‍ക്കേറ്റിനു കീഴില്‍ വരുന്നത്.
1990 മുതല്‍ വിശുദ്ധ നാട്ടില്‍ കഴിയുന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസിയാണ് ആര്‍ച്ചുബിഷപ് പിസബല്ല. 2016 ല്‍ അദ്ദേഹം പാത്രിയര്‍ക്കേറ്റിന്റെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേല്‍ക്കുമ്പോള്‍ ഗുരുതരമായ കടക്കെണിയിലായിരുന്നു പാത്രിയര്‍ക്കേറ്റ്. 10 കോടി ഡോളറായിരുന്നു കടബാദ്ധ്യത. നാലു വര്‍ഷം കൊണ്ടു ചിലവു ചുരുക്കിയും സംഭാവനകള്‍ സമാഹരിച്ചും അദ്ദേഹം കടബാദ്ധ്യതകള്‍ തീര്‍ത്തു. ഹീബ്രൂ ഭാഷാ പാണ്ഡിത്യം ഈ പ്രദേശത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വ നിര്‍വഹണത്തെ എളുപ്പമാക്കി. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറിയ കൂറും പരിഹരിച്ചെങ്കിലും വലിയ വെല്ലുവിളി തന്നെയാണു തുടര്‍ ഭരണമെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. നാലു രാജ്യങ്ങളിലായി കഴിയുന്ന വൈദികരുടെയും വിശ്വാസികളുടെയും ഐക്യം ഉറപ്പാക്കി അജപാലനം നിര്‍വഹിക്കുകയും സംഘര്‍ഷങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും നേരിടുന്ന സമൂഹത്തിനു സഹായങ്ങളെത്തിക്കുകയുമായിരിക്കും അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രധാനദൗത്യം.