ചൈനയുടെ മെത്രാന്‍ നിയമനം: ധാരണ ലംഘിക്കപ്പെട്ടുവെന്നു വത്തിക്കാന്‍

ചൈനയുടെ മെത്രാന്‍ നിയമനം: ധാരണ ലംഘിക്കപ്പെട്ടുവെന്നു വത്തിക്കാന്‍

ചൈനയിലെ കത്തോലിക്കാ മെത്രാന്മാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടവും വത്തിക്കാനും തമ്മിലുണ്ടാക്കിയിരുന്ന താത്കാലിക ധാരണ പുതിയ മെത്രാന്‍ നിയമനത്തില്‍ ചൈന ലംഘിച്ചുവെന്നു വത്തിക്കാന്‍ കുറ്റപ്പെടുത്തി. ചൈനയുടെ നടപടിയില്‍ വത്തിക്കാന്‍ ആശ്ചര്യവും ഖേദവും പ്രകടിപ്പിച്ചു. ജിയാംഗ്ഷി രൂപതയുടെ സഹായമെത്രാനായി ബിഷപ് ജോണ്‍ പെംഗ് വീഷാവോയെ നിയമിക്കുകയാണു ചൈന ചെയ്തത്. വത്തിക്കാന്‍ അംഗീകരിച്ചിട്ടില്ലാത്ത രൂപതയാണിത്. നാന്‍ചാംഗില്‍ നടന്ന മെത്രാഭിഷേക നടപടികള്‍, 2018 സെപ്തംബറില്‍ മെത്രാന്‍ നിയമനത്തെ സംബന്ധിച്ച് രൂപീകരിച്ച താത്കാലികധാരണകള്‍ക്കു വിലുദ്ധമാണെന്നും സംഭാഷണത്തിന്റെ ചൈതന്യത്തിനു നിരക്കുന്നതല്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പൊതുതാത്പര്യമുള്ള എല്ലാ വിഷയങ്ങളിലും ആദരപൂര്‍ണമായ സംഭാഷണങ്ങള്‍ തുടരാന്‍ പ.സിംഹാസനം പൂര്‍ണമായും സന്നദ്ധമാണെന്നും വത്തിക്കാന്‍ വിശദീകരിച്ചു.

ഇപ്പോള്‍ ജിയാംഗ്ഷി രൂപതാ സഹായമെത്രാനായി ചുമതലയേറ്റിരിക്കുന്ന ബിഷപ് പെംഗ് 2014 ല്‍ വത്തിക്കാന്റെ അംഗീകാരത്തോടെ മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടയാളാണ്. വത്തിക്കാനോടു വിധേയത്വം പുലര്‍ത്തുന്ന രഹസ്യസഭയിലെ മെത്രാന്‍ അദ്ദേഹത്തിനു മെത്രാഭിഷേകം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ചൈനീസ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ആറു മാസം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നതുമാണ്.

ചൈനയിലെ മെത്രാന്‍ നിയമനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ രണ്ടു വര്‍ഷത്തേയ്ക്കു രൂപീകരിക്കുകയും 2020 പുതുക്കുകയും ചെയ്ത ധാരണയിലെ വ്യവസ്ഥകള്‍ പരസ്യമാക്കിയിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org