
ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു പ്രവിശ്യ മതവിശ്വാസികള്‍ക്കായി കൊണ്ടുവന്നിരിക്കുന്ന സ്മാര്‍ട് റിലീജിയന്‍ എന്ന മൊബൈല്‍ ആപ്, ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ജീവകാരുണ്യ സംഘടനയായ ചൈനാ എയ്ഡ് അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കു പോകുന്നവര്‍ക്കുള്ളതാണ് ആപ്. വിശ്വാസികള്‍ ഈ ആപ്പില്‍ സ്വന്തം വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത്, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എടുത്തിട്ടു വേണം പള്ളികളിലും മറ്റും പോകാന്‍. പേരും ഫോണ്‍ നമ്പറും തൊഴിലും വിലാസവും ജനനത്തീയതിയും ഐ ഡി നമ്പറും ഉള്‍പ്പെടെ സകല വ്യക്തിവിവരങ്ങളും ഇതില്‍ നല്‍കണം. കോവിഡ് പശ്ചാത്തലത്തില്‍ ശരീരത്തിന്റെ ഊഷ്മാവും രേഖപ്പെടുത്തണം. മതവിശ്വാസികളെ കര്‍ക്കശമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാക്കുന്നതിന് ഈ വിവരങ്ങള്‍ ഉപയോഗിക്കുമെന്നാണ് ചൈനാ എയ്ഡിന്റെ ആശങ്ക. ചൈനയില്‍ ഏറ്റവുമധികം ക്രൈസ്തവരുള്ള ഹനാന്‍ പ്രവിശ്യയിലെ മതകാര്യവകുപ്പാണ് ഈ ആപ് അവതരിപ്പിച്ചിരിക്കുന്നത്.