രാജാധികാര ശൈലിക്കെതിരായത് വിമര്‍ശനങ്ങള്‍ക്ക് കാരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

രാജാധികാര ശൈലിക്കെതിരായത് വിമര്‍ശനങ്ങള്‍ക്ക് കാരണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സഭയെ രാജാധികാര ശൈലിയില്‍ നിന്ന് കൂടുതല്‍ അജപാലന ശൈലിയിലേക്ക് കൊണ്ടുവരാനുള്ള തന്റെ ആഗ്രഹമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാസ്ഥാനത്തെ നശിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനം വേദനാജനകമായിരുന്നു പക്ഷേ എല്ലാ വിമര്‍ശനങ്ങള്‍ക്കും കാത് കൊടുത്തിരുന്നെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാനസികരോഗവിദഗ്ധനെ കാണാന്‍ പോകേണ്ടി വരുമായിരുന്നു, അദ്ദേഹം പറഞ്ഞു.

പാപ്പാസ്ഥാനം ഏറ്റെടുത്തതിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ ആത്മകഥയിലാണ് താന്‍ നേരിട്ട വിമര്‍ശനങ്ങളെ മാര്‍പാപ്പ വിലയിരുത്തുന്നത്. 'ജീവിതം: എന്റെ കഥ ചരിത്രത്തിലൂടെ' എന്ന ആത്മകഥ ഒരു ഇറ്റാലിയന്‍ ദിനപ്പത്രം ആണ് പ്രസിദ്ധീകരിച്ചത്. പത്രോസിന്റെ ശുശ്രൂഷ ആയുഷ്‌കാലത്തേക്കുള്ളതാണെന്നും രാജിവയ്ക്കാനുള്ള സാഹചര്യങ്ങള്‍ ഒന്നും ഇപ്പോഴില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. ആരോഗ്യം തൃപ്തികരമാണെന്നും ദൈവം അനുവദിച്ചാല്‍ കൂടുതല്‍ പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിവാദമായ സ്വവര്‍ഗപ്രേമികളുടെ ആശീര്‍വാദം എന്ന നടപടിയെക്കുറിച്ചും പുസ്തകത്തില്‍ പാപ്പ ചര്‍ച്ച ചെയ്യുന്നുണ്ട്. ''ദൈവം സകലരെയും സ്‌നേഹിക്കുന്നു, പ്രത്യേകിച്ച് പാപികളെ. സ്വവര്‍ഗവിവാഹം ഒരു സാധ്യതയല്ല. പക്ഷേ അത്തരത്തില്‍ ജീവിക്കുന്നവര്‍ക്ക് സിവില്‍ നിയമപ്രകാരം അംഗീകാരം ലഭിക്കുന്നതില്‍ തെറ്റില്ല,'' പാപ്പ വിശദീകരിക്കുന്നു.

മാര്‍പാപ്പയുടെ കുടുംബചരിത്രത്തിലെ നിരവധി വിവരങ്ങള്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പിതാവും പിതാവിന്റെ മാതാപിതാക്കളും ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേക്കുള്ള ഒരു കപ്പല്‍യാത്രയ്ക്ക് 1927-ല്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരു ന്നു. ടിക്കറ്റിന് പണം തികയാഞ്ഞതിനാല്‍ അവസാന നിമിഷം ആ യാത്ര മാറ്റിവച്ചു. ആ കപ്പല്‍ പിന്നീട് യാത്രാമധ്യേ മുങ്ങുകയും 300 കുടിയേറ്റക്കാര്‍ മരണപ്പെടുകയും ചെയ്തു.

സെമിനാരി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒരു അമ്മാവന്റെ വിവാഹ ചടങ്ങില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയോട് പ്രണയം തോന്നിയത് അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട,് ''ഒരാഴ്ചയോളം അവളുടെ ഓര്‍മ്മകള്‍ തന്നെ അലട്ടിക്കൊണ്ടിരുന്നു. പിന്നീട് ആ ചിന്തകള്‍ കടന്നുപോയി. ഞാന്‍ വീണ്ടും എന്റെ ശരീരവും ആത്മാവും ദൈവവിളിക്കായി സമര്‍പ്പിച്ചു.''

അര്‍ജന്റീനയിലെ ഏകാധിപത്യകാലത്തെ ജീവിതവും ഗ്രാമപ്രദേശത്തേക്ക് മേലധികാരികള്‍ ശിക്ഷിച്ചയച്ചതും മാര്‍പാപ്പ അനുസ്മരിക്കുന്നുണ്ട്. ''അതൊരു ശുദ്ധീകരണ കാലമായിരുന്നു. സ്വേച്ഛാധിപത്യ സമീപനം മൂലം എനിക്ക് തെറ്റുകള്‍ സംഭവിച്ചിരുന്നു. ഞാന്‍ എന്നില്‍ തന്നെ അടച്ചിരിക്കുകയും അല്പം വിഷാദത്തില്‍ ആവുകയും ചെയ്തു,'' പപ്പ ഓര്‍മ്മിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org