ഫ്രാൻസിസ് പാപ്പ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പാപ്പാമാരുടെ ഗണത്തിൽ

ഫ്രാൻസിസ് പാപ്പ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പാപ്പാമാരുടെ ഗണത്തിൽ

ഡിസംബർ 17 ന് 87 ജന്മദിനം ആഘോഷിച്ചതോടെ ഫ്രാൻസിസ് പാർപ്പാപ്പ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള മാർപാപ്പമാരുടെ ഗണത്തിൽ ഇടം നേടി. വിശുദ്ധ പത്രോസിന്റെ 266 -ാമത്തെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പാ ഉൾപ്പെടെ പത്തിൽ താഴെ മാർപാപ്പമാർ മാത്രമാണ് സഭയുടെ ചരിത്രത്തിൽ 87 വയസ്സിലും അധികാരത്തിൽ ഇരുന്നിട്ടുള്ളത്. 1903 ൽ 93 വയസ്സിൽ നിര്യാതനായ ലിയോ പതിമൂന്നാമനാണ് ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള മാർപാപ്പ. ഫ്രാൻസിസ് പാപ്പായുടെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പ 95 വയസ്സ് വരെ ജീവിച്ചു എങ്കിലും 86 - ആം ജന്മദിനത്തിന് രണ്ടു മാസം മുൻപ് അദ്ദേഹം പാപ്പാ പദവിയിൽ നിന്ന് സ്വയം വിരമിച്ചിരുന്നു.

കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഫ്രാൻസിസ് മാർപാപ്പ നേരിട്ടിരുന്നു. പക്ഷേ രാജിവെക്കുന്നതിനെക്കുറിച്ച് താനിതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ബെനഡിക്ട് പതിനാറാമൻ തന്റെ സ്ഥാനത്യാഗത്തിന് പ്രധാന കാരണമായി പറഞ്ഞത് ആരോഗ്യപ്രശ്നങ്ങളാണ്. 2021 ജൂലൈയിൽ ഫ്രാൻസിസ് മാർപാപ്പ ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 2022 ൽ അദ്ദേഹം കാൽമുട്ട് വേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരസ്യമാക്കിയിരുന്നു. കാൽമുട്ട് വേദന മൂലം കുറച്ചുകാലമായി മാർപാപ്പ വീൽ ചെയർ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ ഹെർണിയയുടെ സർജറിയും അദ്ദേഹത്തിനു നടത്തിയിരുന്നു.

യുഎഇയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആരോഗ്യപ്രശ്നം മൂലം ആ യാത്ര റദാക്കേണ്ടിവന്നു. പക്ഷേ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും 2021ൽ മൂന്ന് വിദേശപര്യടനങ്ങളും 2022 നാലു വിദേശപര്യടനങ്ങളും മാർപാപ്പ നടത്തിയിരുന്നു. 2023 ൽ ഇതിനകം അഞ്ചു വിദേശയാത്രകൾ പാപ്പ നടത്തി. കോംഗോ, ദക്ഷിണ സുഡാൻ, ഹംഗറി, പോർച്ചുഗൽ, മംഗോളിയ എന്നിവിടങ്ങളിലേക്ക് ആയിരുന്നു ഇത്. 2024 ൽ അദ്ദേഹം ഇന്ത്യയും തന്റെ മാതൃരാജ്യമായ അർജൻറീനയും സന്ദർശിക്കുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

വത്തിക്കാനിലെ സാന്താ മാർത്ത ശിശുരോഗ ചികിത്സാലയത്തിൽ ചികിത്സ തേടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് 87 ആം ജന്മദിനം പാപ്പ ആഘോഷിച്ചത്. 200 ഓളം കുടുംബങ്ങൾ ഈ ആഘോഷത്തിൽ സംബന്ധിച്ചു. ദരിദ്രരായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ചികിത്സ നൽകുന്ന വത്തിക്കാന്റെ സ്ഥാപനമാണ് സാന്താ മാർത്ത പീഡിയാട്രിക് ഡിസ്പെൻസറി. 1922 ൽ പയസ് 11 മാർപാപ്പയാണ് ഇത് സ്ഥാപിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org