

നിര്‍മ്മിതബുദ്ധി സംബന്ധിച്ച പുതിയ ഒരു കമ്മീഷനു ലിയോ പതിനാലാമന്‍ മാര്‍പാപ്പ രൂപം കൊടുത്തു. അതിദ്രുതം വികസിക്കുന്ന ഈ സാങ്കേതികവിദ്യയോടും അവ മനുഷ്യാന്തസ്സിനെ ബാധിക്കുന്നതിനോടുമുള്ള സഭയുടെ പ്രതികരണങ്ങളുടെ ഏകോപനം, സഭയുടെ ആഭ്യന്തരാവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം, സമഗ്രവികസനം തുടങ്ങിയവയായിരിക്കും കമ്മീഷന്റെ ശ്രദ്ധാവിഷയങ്ങള്‍.
നിര്‍മ്മിതബുദ്ധിയെയും അതിന്റ ധാര്‍മ്മിക, സാമൂഹ്യ, സാമ്പത്തിക അനന്തരഫലങ്ങളെയും കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യുന്ന ലിയോ മാര്‍പാപ്പയുടെ ആദ്യത്തെ ചാക്രിക ലേഖനം പുറത്തു വരുന്നതിനു തൊട്ടുമുമ്പായാണ് ഈ കമ്മീഷന്‍ സ്ഥാപിതമാകുന്നത്.
വത്തിക്കാന്‍ സമഗ്രമനുഷ്യവികസനകാര്യാലയം, വിശ്വാസകാര്യാലയം, സാംസ്‌കാരിക-വിദ്യാഭ്യാസകാര്യാലയം, ആശയവിനിമയ കാര്യാലയം, ജീവനുവേണ്ടിയും ശാസ്ത്രങ്ങള്‍ക്കുവേണ്ടിയും സാമൂഹ്യശാസ്ത്രങ്ങള്‍ക്കും വേണ്ടിയുമുള്ള പൊന്തിഫിക്കല്‍ അക്കാദമികള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ കമ്മീഷനിലുണ്ടായിരിക്കും.