
നിര്‍മ്മിതബുദ്ധി വികസിപ്പിക്കുന്നവരും ഉപയോഗിക്കുന്നവരും ഈ നൂതനാവിഷ്‌കാരങ്ങള്‍ മനുഷ്യാന്തസ്സിനെയും പൊതുനന്മ യേയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ നടക്കുന്ന ''നിര്‍മ്മിത ബുദ്ധി നന്മയ്ക്ക്'' എന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അയച്ച സന്ദേശത്തിലാണ് നിര്‍മ്മിത ബുദ്ധി സംവിധാനങ്ങളുടെ ധാര്‍മ്മിക ഉപയോഗത്തെക്കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്.
മനുഷ്യ വ്യക്തിയില്‍ കേന്ദ്രീകൃതമായ നിയന്ത്രണ സംവിധാനങ്ങളും ശരിയായ ധാര്‍മ്മിക കൈകാര്യവും നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയ്ക്കു പ്രാദേശിക തലത്തിലും ആഗോളതലത്തിലും ആവശ്യമാണെന്ന് സന്ദേശത്തില്‍ മാര്‍പാപ്പ എഴുതി.
നിര്‍മ്മിതബുദ്ധിയാല്‍ നയിക്കപ്പെടുന്ന ഡിജിറ്റല്‍ വിപ്ലവം അപാര മായ സാധ്യതകള്‍ ഉണ്ടാക്കുന്നു വെന്നും അത് മാനവരാശിയെ ഒരു വഴിത്തിരിവില്‍ എത്തിച്ചിരിക്കുന്നു വെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഈ വിപ്ലവത്തിന്റെ സ്വാധീനം ദൂരവ്യാപകമായിരിക്കും. വിദ്യാഭ്യാസം, തൊഴില്‍, കല, ആരോഗ്യപരിചരണം, ഭരണം, സൈന്യം, ആശയവിനിമയം തുടങ്ങിയ മേഖലകളെയെല്ലാം ഇത് പരിവര്‍ത്തന വിധേയമാക്കും.
ഈ പുരോഗതിയെല്ലാം ആഗോളതല ത്തില്‍ ഉണ്ടാകുമ്പോഴും ഗ്രാമീണ, ദരിദ്ര പ്രദേശങ്ങളില്‍ ജീവിക്കുന്ന 260 കോടി മനുഷ്യര്‍ക്ക് ഇപ്പോഴും ഏറ്റവും താഴ്ന്ന തലത്തിലുള്ള ആശയവിനിമയ സങ്കേതങ്ങള്‍ പോലും ലഭ്യമല്ല. നിര്‍മ്മിതബുദ്ധി പൊതുനന്മയ്ക്കുവേണ്ടിയാണ് വികസിപ്പിക്കപ്പെടുകയും ഉപയോഗപ്പെടുകയും ചെയ്യുന്നത് എന്ന് ഉറപ്പാക്കാന്‍ ഈ സാഹചര്യം നമ്മെ നിര്‍ബന്ധിതരാക്കുന്നു.
സംഭാഷണത്തിന്റെ പാലങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടും സാഹോദര്യത്തെ വളര്‍ത്തിക്കൊണ്ടും ഇത് മാനവരാശിയുടെ പൊതുതാല്‍പര്യങ്ങളെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സവിശേഷ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ നിര്‍മ്മിതബുദ്ധിക്ക് സാധിക്കുമെങ്കില്‍ തന്നെയും ധാര്‍മ്മിക വിവേചനബുദ്ധിക്കു പകരമാകാനോ യഥാര്‍ഥമായ മനുഷ്യബന്ധങ്ങള്‍ രൂപപ്പെടുത്താനോ അതിന് സാധിക്കില്ല എന്ന് ഓര്‍ക്കണം - മാര്‍പാപ്പ വിശദീകരിച്ചു.