
മനുഷ്യജീവനെയും മനുഷ്യപ്രകൃതിയെയും ഭീഷണിപ്പെടുത്തുന്ന എല്ലാത്തരം നിയമങ്ങളോടും പ്രവര്‍ത്തനങ്ങളോടുമുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. യെസ് ടു ലൈഫ് എന്ന പേരില്‍ നടന്ന ഈ റാലിക്കുവേണ്ടി അഞ്ഞൂറിലേറെ സംഘടനകളാണ് കൈകോര്‍ത്തത്. അന്താരാഷ്ട്ര പ്രൊലൈഫ് ദിനമായ മംഗളവാര്‍ത്താ തിരുനാളിനു മുമ്പായിട്ടാണ് റാലി സംഘടിപ്പിച്ചത്. ഒരേസമയം ഭ്രൂണഹത്യയെ പിന്തുണക്കുകയും കത്തോലിക്കരായിരിക്കുകയും ചെയ്യുക അസാധ്യമാണെന്നു റാലിക്കെത്തിയവര്‍ പ്രഖ്യാപിച്ചു. ഭ്രൂണഹത്യാവിരുദ്ധപ്രവര്‍ത്തകരുടെ ഇടപെടലുകളുടെ ഫലമായി ഗര്‍ഭകാലം പൂര്‍ത്തിയാക്കി പ്രസവിച്ചവരുടെയും മറ്റും സാക്ഷ്യങ്ങളും റാലിയില്‍ ഉണ്ടായിരുന്നു.