മതതീവ്രവാദത്തിനെതിരെ വത്തിക്കാനും അല്‍ അസ്ഹറും ഒന്നിക്കുന്നു

മതതീവ്രവാദത്തിനെതിരെ വത്തിക്കാനും അല്‍ അസ്ഹറും ഒന്നിക്കുന്നു

അക്രമങ്ങളെ ന്യായീകരിക്കുന്നതിന് മതവിശ്വാസത്തെ ഉപയോഗിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നിച്ചു നീങ്ങുവാന്‍ വത്തിക്കാനും സുന്നി ഇസ്ലാമിന്‍റെ പരമോന്നത പണ്ഡിതകേന്ദ്രമായ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയും തീരുമാനിച്ചു. ഇതു സംബന്ധി ച്ച സംഭാഷണങ്ങള്‍ക്കായി വത്തിക്കാന്‍ മതാന്തര സംഭാഷണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജീന്‍ ലൂയി ടവ്റാന്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ ആസ്ഥാനം സന്ദര്‍ശിച്ചു. അല്‍ അസ്ഹറില്‍ നടന്ന സെമിനാറില്‍ കാര്‍ഡിനലും കാര്യാലയത്തിന്‍റെ സെക്രട്ടറിയായ ആര്‍ച്ചുബിഷപ് മിഗുവേല്‍ ഗ്വിക്സോട്ടും ഇസ്ലാം വിഭാഗത്തിന്‍റെ മേധാവിയായ മോണ്‍. ഖാലിദ് അകാഷേയും പങ്കെടുത്തു. ലോകത്തിലെ 150 കോടിയോളം വരുന്ന സുന്നി മുസ്ലീങ്ങളുടെ ആത്മീയ പരമാചാര്യനായി കരുതപ്പെടുന്നത് അല്‍ അസ്ഹര്‍ ഇമാമും യൂണിവേഴ്സിറ്റി അദ്ധ്യക്ഷനുമായ അഹമ്മദ് അല്‍ തയ്യെബ് ആണ്.

റോമിലെ ആംഗ്ലിക്കന്‍ പള്ളിയില്‍ ആദ്യമായി പേപ്പല്‍ സന്ദര്‍ശനം

ഫ്രാന്‍സിസ് മാര്‍പാപ്പ, സകല വിശുദ്ധരുടെയും പേരിലുള്ള റോമിലെ ആംഗ്ലിക്കന്‍ ദേവാലയം സന്ദര്‍ശിച്ചു. ആംഗ്ലിക്കന്‍ സഭയുടെ പ്രാര്‍ത്ഥനാശുശ്രൂഷ ആദ്യമായി റോമില്‍ ആരംഭിച്ചതിന്‍റെ ഇരുന്നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം. റോമിലെ ഒരു ആംഗ്ലിക്കന്‍ ദേവാലയം ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത് ആദ്യമായിട്ടാണ്. ഒരു സഭൈക്യ ശുശ്രൂഷയാണ് പേപ്പല്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു ആംഗ്ലിക്കന്‍ ദേവാലയത്തില്‍ നടത്തിയത്. പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഇടവക സമൂഹത്തിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മാര്‍പാപ്പ മറുപടി നല്‍കുകയും ചെയ്തു.

കോംഗോ, പാക് അക്രമങ്ങളിലെ ഇരകള്‍ക്കായി പാപ്പ പ്രാര്‍ത്ഥിച്ചു

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലും പാക്കിസ്ഥാനിലുമുണ്ടായ ഭീകരാക്രമണങ്ങളിലെ ഇരകള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. കോംഗോയില്‍ നിരവധി കുട്ടികളെ സ്കൂളുകളില്‍ നിന്നും വീടുകളില്‍ നിന്നും വേര്‍പെടുത്തി പടയാളികളായി ഉപയോഗിക്കുന്നതില്‍ മാര്‍പാപ്പ ദുഃഖം പ്രകടിപ്പിച്ചു. പാക്കിസ്ഥാനിലെ സൂഫി കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച മാര്‍പാപ്പ അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിദ്വേഷം കൊണ്ടു കഠിനമാക്കപ്പെട്ടിരിക്കുന്ന എല്ലാ ഹൃദയങ്ങളും ദൈവഹിതമനുസരിച്ചു സമാധാനത്തിലേയ്ക്കു പരിവര്‍ത്തനപ്പെടുവാന്‍ ഇടയാകട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു.

മാര്‍പാപ്പ ഇടവകസന്ദര്‍ശനം നടത്തി

ഫ്രാന്‍സിസ് മാര്‍പാപ്പ റോമാ രൂപതയിലെ സാന്താമരിയാ ജോസഫാ ഇടവകയില്‍ സന്ദര്‍ശനം നടത്തി. മാര്‍പാപ്പയും റോമാ രൂപതയുടെ മെത്രാനുമായി സ്ഥാനമേറ്റ ശേഷം മാര്‍പാപ്പ സന്ദര്‍ശിക്കുന്ന പതിമൂന്നാമത്തെ ഇടവകയാണിത്. റോം രൂപതയുടെ കാര്‍ഡിനല്‍ വികാരി ആഗസ്റ്റിനോ വല്ലിനി, രൂപതയുടെ പൗരസ്ത്യപ്രദേശത്തിന്‍റെ സഹായമെത്രാന്‍, ഇടവക വികാരി എന്നിവര്‍ ചേര്‍ന്ന് പാപ്പയെ ഇടവകയിലേയ്ക്കു സ്വീകരിച്ചു. ഇടവകയിലെ കുട്ടികളെയും യുവജനങ്ങളെയും പ്രത്യേകമായി കണ്ട മാര്‍പാപ്പ രോഗികളെയും വയോധികരെയും അടുത്തയിടെ കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കിയ യുവമാതാപിതാക്കളെയും സന്ദര്‍ശിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org