ആഫ്രിക്ക: കത്തീഡ്രല്‍ ആക്രമണത്തില്‍ 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Published on

ആഫ്രിക്കന്‍ രാജ്യമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിനു നേരെ നടന്ന ആക്രമണത്തില്‍ ചുരുങ്ങിയത് 42 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടു പുരോഹിതരുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം നൂറു വരെ ഉയരാനിടയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. 2012 മുതല്‍ സംഘര്‍ഷഭരിതമാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്. മുസ്ലീം ഭീകരസംഘടനകളുടെ ആക്രമണങ്ങളാണു സംഘര്‍ഷങ്ങള്‍ക്കു തുടക്കമിട്ടത്. സെലെക എന്ന പേരിലുള്ള മുസ്ലീം ഭീകരസംഘടനകളുടെ സഖ്യത്തെ പ്രതിരോധിക്കുന്നതിനും സായുധസംഘങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവരാണ് ഇതിലെ അംഗങ്ങളിലേറെയും. ഇവര്‍ തമ്മില്‍ നിരവധി സംഘര്‍ഷങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഭീകരസംഘടനകളെ എതിര്‍ക്കുന്നവരില്‍ മുസ്ലീങ്ങളുമുണ്ട്. ഈ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികളും സ്ഥാപനങ്ങളും അഭയം നല്‍കി വരുന്നുണ്ട്. ഈ വര്‍ഷമാദ്യം മൂന്നു വൈദികര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് സന്ദര്‍ശിക്കുകയും സമാധാനത്തിന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org