പീഡിത സഭകളുടെ പ്രത്യാശയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനു പുതിയ നേതൃത്വം

New leadership for 'Aid to the Church in Need' – a beacon of hope for persecuted churches
Published on

ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവസമൂഹങ്ങള്‍ക്ക് സഹായവും പ്രത്യാശയും നല്‍കുന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷനായ ‘എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ’ പുതിയ കോര്‍ഡിനേറ്ററായി ഓസ്ട്രിയന്‍ സ്വദേശിയായ മോണ്‍. ഫ്രെഡ റിക് ബെക്കിന തിരഞ്ഞെടുക്കപ്പെട്ടു. റോമില്‍ ചേര്‍ന്ന എ സി എന്‍ അസംബ്ലിയിലാണ് പുതിയ തിരഞ്ഞെടുപ്പു നടന്നത്. ക്രിസ്തീയ ഐക്യത്തിനായുള്ള കാര്യാലയത്തിന്റെ തലവനായ കര്‍ദിനാള്‍ കുര്‍ട്ട് കോച്ച് ആണ് സംഘടനയുടെ പുതിയ പ്രസിഡന്റ്.

മാർപാപ്പയായ ലിയോ പതിനാലാമന് എ സി എന്നുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്ന് മോണ്‍. ബെക്കിന പറഞ്ഞു. പെറുവില്‍ ബിഷപായിരുന്ന കാലത്ത് അദ്ദേഹം സംഘടനയുടെ പദ്ധതികളുടെ പങ്കാളിയായി പ്രവര്‍ത്തിച്ചിരുന്നു.

ആഫ്രിക്കയില്‍ നിന്ന് വിദേശത്ത് പഠിക്കുന്ന 250 സെമിനാരി വിദ്യാര്‍ത്ഥി കള്‍ക്കും വൈദികര്‍ക്കും എ സി എന്‍ നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. യുദ്ധത്തിലും സംഘര്‍ഷങ്ങളിലും തകര്‍ന്ന മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സമൂഹ ങ്ങള്‍ക്ക് അവരുടെ ജന്മനാട് ഉപേക്ഷിച്ചു പോകാതിരിക്കാന്‍ ആവശ്യമായ പിന്തുണയും പ്രത്യാശയും സംഘടന നല്‍കുന്നു. പ്രകൃതി ദുരന്തങ്ങളോ ആഭ്യന്തര സംഘര്‍ഷങ്ങളോ ഉണ്ടാകുമ്പോഴും ഇവര്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നു.

ഏകദേശം 80 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ എ സി എന്‍ ഇപ്പോള്‍ 140-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കു ന്നുണ്ട്. 1,300-ലധികം രൂപതകളുമായി സഹകരിച്ച് പ്രതിവര്‍ഷം 5,000-ത്തിലധികം പദ്ധതികള്‍ക്കാണ് സംഘടന പിന്തുണ നല്‍കുന്നത്. വത്തിക്കാന് പരസ്യമായി സംസാരിക്കാന്‍ സാധിക്കാത്ത ചില പ്രതിസന്ധികളില്‍ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്ക് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്താന്‍ സംഘടനയ്ക്ക് സാധിക്കുന്നുണ്ടെന്നും മോണ്‍. ബെക്കിന വ്യക്തമാക്കി.

logo
Sathyadeepam Online
www.sathyadeepam.org