ഫ്രാന്‍സിസ് പാപ്പയുടെ ദശാബ്ദം: കുതിച്ചും കോവിഡില്‍ കിതച്ചും കണക്കുകള്‍

ഫ്രാന്‍സിസ് പാപ്പയുടെ ദശാബ്ദം: കുതിച്ചും കോവിഡില്‍ കിതച്ചും കണക്കുകള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വം ഒരു ദശാബ്ദം മാര്‍ച്ച് 13നു പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ വിവിധ ഗവേഷകര്‍ വിലയിരുത്തി. കത്തോലിക്കരുടെ അംഗസംഖ്യ 2013ലെ 125.3 കോടിയില്‍ നിന്ന് 2021-ല്‍ 137.8 കോടിയായി വര്‍ധിച്ചു. ഏതാണ്ട് പത്തു ശതമാനം വര്‍ധനവ്. പക്ഷേ ഇത് ജനസംഖ്യാ വര്‍ധനവിന് ഏതാണ്ട് ആനുപാതികമാണ്. ഇതേ കാലയളവില്‍ ലോകജനസംഖ്യയില്‍ ഏതാണ്ട് 9.1 % വര്‍ധനവുണ്ടായെന്നാണ് ലോകബാങ്കിന്റെ കണക്ക്.

കത്തോലിക്കരുടെ ജനസംഖ്യ വര്‍ധിച്ചുവെങ്കിലും 2013-ല്‍ നിന്ന് 2020 എത്തുമ്പോള്‍ ജ്ഞാനസ്‌നാനങ്ങളുടെ എണ്ണത്തില്‍ 20 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വിവാഹങ്ങളില്‍ ഏഴു ലക്ഷത്തിന്റെ കുറവുണ്ടായി, ഏതാണ്ട് മൂന്നിലൊന്ന്. സ്ഥൈര്യലേപനങ്ങളും ആദ്യകുര്‍ബാന സ്വീകരണങ്ങളും 12 ഉം 13 ഉം ശതമാനം കുറഞ്ഞു. അതേസമയം ലോകത്തില്‍ ഏറ്റവുമധികം കത്തോലിക്കരുള്ള 13 രാഷ്ട്രങ്ങളിലും വി.കുര്‍ബാനയിലെ പങ്കാളിത്തം മാറ്റമില്ലാതെ തുടര്‍ന്നു.

കൂദാശ സ്വീകരണങ്ങളിലുണ്ടായിട്ടുള്ള കുറവിന്റെ ഒരു പ്രധാനകാരണം ഏതാണ്ട് മൂന്നു വര്‍ഷം ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് പകര്‍ച്ചവ്യാധിയാണ്. പാപ്പയുടെ പത്തു വര്‍ഷത്തില്‍ മൂന്നു വര്‍ഷവും കോവിഡ് ബാധിതമായിരുന്നു. പക്ഷേ അതു മാത്രമല്ല മാമ്മോദീസകളും വിവാഹങ്ങളും കുറഞ്ഞതിന്റെ കാരണം. ജനനനിരക്കിലുണ്ടായിട്ടുള്ള കുറവ്് കൂദാശാസ്വീകരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. ശരാശരി ആയുസ് 1960-ലെ 51 വയസ്സില്‍ നിന്ന് 2020-ല്‍ 72 ആയി ഉയര്‍ന്നു. എന്നാല്‍, ആയിരം പേര്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 32 ല്‍ നിന്ന് 17 ആയി കുറഞ്ഞു. ഇനിയുള്ള ദശകങ്ങളിലും ജനനങ്ങള്‍ കുറയും. അതനുസരിച്ച് ജ്ഞാനസ്‌നാനങ്ങളും അടുത്ത ഘട്ടത്തില്‍ വിവാഹങ്ങളും കുറയും. വയോധികരുടെ എണ്ണം വര്‍ധിക്കും. ഇത് സഭയും ലോകവും നേരിടാന്‍ പോകുന്ന ഒരു പ്രതിസന്ധി തന്നെയാണെന്നു വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാന്‍ ഏതാനും വര്‍ഷങ്ങള്‍ കൂടി എടുക്കുകയും ചെയ്യും.

അതേസമയം കത്തോലിക്കാ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 7.3% വര്‍ധനവുണ്ടായിട്ടുണ്ട്. കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആഗോളതലത്തില്‍ തന്നെ വളര്‍ച്ചയുടെ പാതയിലാണ്.

രൂപതാ വൈദികരുടെ എണ്ണം കഴിഞ്ഞ പത്തു വര്‍ഷവും സ്ഥിരതയോടെ നിലനിന്നു. സന്യാസവൈദികരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. അതേസമയം വനിതാസന്യസ്തരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു, ഏതാണ്ട് 11%. സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം 5.8% കുറഞ്ഞു. ദൈവവിളികളുടെ എണ്ണം പാശ്ചാത്യലോകത്തു കുറയുകയും ആഫ്രിക്കയില്‍ വര്‍ധിക്കുകയും ചെയ്യുന്ന പ്രവണതയും തുടരുന്നു. കത്തോലിക്കാജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ അജപാലനത്തില്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org