'തിരഞ്ഞെടുക്കപ്പെട്ടവര്‍' എന്ന വെബ് സീരീസില്‍ യേശുക്രിസ്തുവായി അഭിനയിക്കുന്ന നടന്‍ ജോനാഥന്‍ റൂമി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. റോമില്‍ ചെന്നു മാര്‍പാപ്പയെ കാണുക എന്നതു കുട്ടിക്കാലം മുതല്‍ താന്‍ കൊണ്ടു നടക്കുന്ന ഒരു സ്വപ്നമായിരുന്നുവെന്ന് കത്തോലിക്കാ വിശ്വാസിയായ റൂമി പറഞ്ഞു. ആഗോള യുവജനദിനാഘോഷത്തില്‍ പങ്കെടുക്കുക എന്ന സ്വപ്നവും റൂമി വച്ചു പുലര്‍ത്തുന്നു.
പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ ഡള്ളസ് ജെന്‍കിന്‍സ് ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. അദ്ദേഹവും മാര്‍പാപ്പയെ കണ്ടു. വെബ് സീരീസ് സംഘം വത്തിക്കാനിലെ ചരിത്രപ്രധാനമായ പള്ളികളും മറ്റു തീര്‍ത്ഥകേന്ദ്രങ്ങളും ഒരുമിച്ചു സന്ദര്‍ശിച്ചു. ജനങ്ങളില്‍ നിന്നു സംഭാവന പിരിച്ചു നിര്‍മ്മിച്ച്, 2019 മുതല്‍ പ്രദര്‍ശിപ്പിച്ചു വരുന്ന 'തിരഞ്ഞെടുക്കപ്പെട്ടവര്‍' സഭാഭേദമെന്യേ അനേകം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.