

രക്തസാക്ഷിയായ ആർച്ചു ബിഷപ് ഒസ്കര് റോമേരോയുടെ കല്ലറയില് പ്രാര്ത്ഥിക്കുന്നതിനായി സെന്ട്രല് അമേരിക്കന് രാജ്യമായ എല് സാല്വഡോര് സന്ദര്ശിക്കണ മെന്നും, വിശുദ്ധനെ വേദപാരംഗതനായി (ഡോക്ടര് ഓഫ് ചര്ച്ച്) പ്രഖ്യാപിക്കണമെന്നും എല് സാല്വഡോറിലെ ബിഷപുമാര് ലിയോ പതിനാലാമന് മാര്പാപ്പയോട് അഭ്യര്ത്ഥിച്ചു. റോമില് നടത്തിയ ‘ആഡ് ലിമിന’ (Ad Limina) സന്ദര്ശനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലാണ് ഈ അഭ്യര്ത്ഥനകള് മുന്നോട്ടുവച്ചത്.
1980 മാര്ച്ച് 24-ന് സാന് സാല്വഡോറിലെ ഡിവൈന് പ്രൊവിഡന്സ് ഹോസ്പിറ്റല് ചാപ്പലില് വിശുദ്ധ കുര്ബാന അര്പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട ആര്ച്ചുബിഷപ് റൊമേരോയെ 2018 ഒക്ടോബര് 14-നാണ് ഫ്രാന്സിസ് മാര്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.
മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയില്, വിശുദ്ധ ഒസ്കാര് റൊമേരോയോടുള്ള തന്റെ പ്രത്യേക ഭക്തിയെക്കുറിച്ച് ലിയോ മാര്പാപ്പ സല്വഡോറന് ബിഷപ്പുമാരോട് പറഞ്ഞു. മാര്പാപ്പ എപ്പോഴും മോണ്സിഞ്ഞോര് റൊമേരോയുടെ ഒരു ചിത്രവും തിരുശേഷിപ്പും കൂടെ കരുതുകയും, അദ്ദേഹത്തിന്റെ മധ്യസ്ഥതയില് ദിനംപ്രതി പ്രാര്ത്ഥിക്കുകയും ചെയ്തിരുന്നു എന്ന് ആര്ച്ചുബിഷപ് എസ്കോബാര് പറഞ്ഞു.
നിലവില് സഭയില് 38 വേദപാരഗതരാണുള്ളത്.