ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു

ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു
Published on

നിര്യാതനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു സംഭാഷണം നടത്തി. ബെനഡിക്ട് പതിനാറാമന്റെ കബറടക്കം കഴിഞ്ഞു നാലാം ദിവസമായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച കഴിഞ്ഞ് വൈകാതെ, ആര്‍ച്ച്ബിഷപ് ഗാന്‍സ്വീന്‍ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്ന വിവരം പ്രഖ്യാപിക്കപ്പെട്ടു. 'സത്യം മാത്രം - ബെനഡിക്ട് പതിനാറാമനൊപ്പം എന്റെ ജീവിതം' എന്ന പുസ്തകത്തിനായി അനേകര്‍ താത്പര്യപൂര്‍വം കാത്തിരിക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമനും തമ്മില്‍ ആശയതലത്തിലുണ്ടായിരുന്ന വിയോജിപ്പുകള്‍ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ടെന്നു വാര്‍ത്തകളുണ്ടായിരുന്നു.

പേപ്പല്‍ വസതിയുടെ പ്രീഫെക്ട് കൂടിയായിരുന്ന ആര്‍ച്ചുബിഷപ് ഗാന്‍സ്വീനെ ഇതുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 2020 ല്‍ ഒഴിവാക്കിയിരുന്നു. ഇതും പുസ്തകത്തില്‍ വിവരിക്കപ്പെട്ടേക്കാം. കാര്‍ഡിനല്‍ റോബര്‍ട്ട് സാറായും ബെനഡിക്ട് പതിനാറാമനും സംയുക്തമായി രചിച്ചു എന്ന വിശേഷണത്തോടെ 2020 ല്‍ പുരോഹിത ബ്രഹ്മചര്യത്തെ കുറിച്ചുള്ള ഒരു പുസ്തകം പുറത്തു വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ആര്‍ച്ചുബിഷപ് ഗാന്‍സ്വീനെ പേപ്പല്‍ വസതിയിലെ ചുമതലകളില്‍ നിന്നു നീക്കിയത്. മുന്‍മാര്‍പാപ്പയുടെ പേര് പുസ്തകത്തിന്റെ സഹരചയിതാവ് എന്ന സ്ഥാനത്തു വന്നത് തെറ്റിദ്ധാരണയാണെന്നും അതു നീക്കം ചെയ്യണമെന്നും കാര്‍ഡിനല്‍ സാറായോടു ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്നോട് ആവശ്യപ്പെട്ടെന്നു ആര്‍ച്ചുബിഷപ് വെളിപ്പെടുത്തുന്നുണ്ടെന്നാണു വാര്‍ത്തകള്‍. പേപ്പല്‍ വസതിയിലെ ജോലിയില്‍ ആര്‍ച്ചുബിഷപ്പിനെ പുനഃപ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെനഡിക്ട് പതിനാറാമന്‍ രണ്ടു തവണ ഫ്രാന്‍സിസ് പാപ്പാക്കു കത്തു നല്‍കിയെന്നും പറയുന്നു. എന്നാല്‍, പുനഃപ്രവേശനം സാദ്ധ്യമായില്ല.

ബെനഡിക്ട് പതിനാറാമന്റെ മരണശേഷം ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്റെ വത്തിക്കാനിലെ ഉത്തരവാദിത്വം എന്തായിരിക്കും എന്നതും പലരും അറിയാന്‍ കാത്തിരിക്കുന്ന വാര്‍ത്തയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org