
ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബര്‍ മാസം പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നത് വധശിക്ഷ ലോകത്തില്‍ ഇല്ലാതാക്കാനായി. മനുഷ്യവ്യക്തിയുടെ അന്തസ്സു ഹനിക്കുന്ന വിധശിക്ഷ എല്ലാ രാജ്യങ്ങളിലും നിയമപരമായി ഇല്ലാതാക്കപ്പെടട്ടെ എന്നു പാപ്പാ പ്രാര്‍ത്ഥനാനിയോഗം അറിയിക്കുന്ന സന്ദേശത്തില്‍ ആശംസിച്ചു. വധശിക്ഷ ധാര്‍മ്മികമായി സ്വീകാര്യമല്ല. കാരണം, നാം സ്വീകരിച്ചിരിക്കുന്ന ഏറ്റവും പ്രധാന ദാനമായ ജീവനെ നശിപ്പിക്കുന്ന കൃത്യമാണത്. അന്ത്യനിമിഷം വരെയും ഒരു വ്യക്തി മാനസാന്തരപ്പെടാനും മാറാനുമുള്ള സാദ്ധ്യതയുണ്ടെന്നതു മറക്കരുത്. സുവിശേഷത്തിന്റെ വെളിച്ചത്തിലും വധശിക്ഷ അസ്വീകാര്യമാണ്.- പാപ്പാ വിശദീകരിച്ചു.
2021 ല്‍ മുന്‍വര്‍ഷത്തേക്കാളധികം വധശിക്ഷകള്‍ അരങ്ങേറിയിരുന്നു. 18 രാജ്യങ്ങളിലായി 579 പേരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ഏറ്റവുമധികം വധശിക്ഷകള്‍ നടന്നത് ചൈനയിലാണ്. ഇറാന്‍, ഈജിപ്ത്, സൗദി അറേബ്യ, സിറിയ എന്നീ രാജ്യങ്ങളാണ് പിന്നിലുള്ളത്. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 11 പേരെ വധശിക്ഷയ്ക്കു വിധേയരാക്കി.