തട്ടിയെടുക്കപ്പെട്ട മെത്രാന്മാരെ അനുസ്മരിച്ചു സിറിയന്‍ സഭ

തട്ടിയെടുക്കപ്പെട്ട മെത്രാന്മാരെ അനുസ്മരിച്ചു സിറിയന്‍ സഭ

സിറിയയില്‍ രണ്ടു ക്രൈസ്തവമെത്രാന്മാരെ തട്ടിക്കൊണ്ടു പോയിട്ട് പത്തു വര്‍ഷം തികയുന്നു. ഇവരെ അനുസ്മരിച്ചുകൊണ്ട് സെമിനാര്‍ നടത്താനും എല്ലാ വര്‍ഷവും ദിനാചരണം നടത്താനുമുള്ള ഒരുക്കത്തിലാണ് മധ്യപൂര്‍വദേശത്തെ സഭകളുടെ സംയുക്തവേദി. 'തട്ടിയെടുക്കപ്പെട്ടവര്‍ക്കും ബലപ്രയോഗത്താല്‍ കാണാതായവര്‍ക്കും വേണ്ടിയുള്ള സഭൈക്യദിനം' ആയി ഏപ്രില്‍ 22 ആചരിക്കാനാണ് ആലോചന. 2013 ഏപ്രില്‍ 22 നാണ് സിറിയയിലെ ആലെപ്പോയില്‍ രണ്ടു മെത്രാപ്രോലീത്താമാരെ തട്ടിക്കൊണ്ടുപോയത്. ഗ്രീക് ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ് ബുലോസ് യസിഗിയും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ് ഗ്രിഗോറിയോസ് യോഹാന്ന ഇബ്രാഹിമുമാണ് ഇവര്‍. കാറില്‍ ഒരുമിച്ചു യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇരുവരെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭ്യമായിട്ടില്ല. കാര്‍ ഡ്രൈവറായിരുന്ന ലാറ്റിന്‍ കാത്തലിക് വിശ്വാസിയെ അന്ന് കൊലപ്പെടുത്തിയിരുന്നു.

2016 ല്‍ ഈ മെത്രാന്മാരെ കൊല്ലുകയും സംസ്‌കരിക്കുകയും ചെയ്തുവെന്ന അനൗദ്യോഗിക വാര്‍ത്തകളുണ്ടായിരുന്നു. അതു സ്ഥിരീകരിക്കാനായിട്ടില്ല. തട്ടിക്കൊണ്ടുപോയി ആറു മാസത്തിനു ശേഷം മെത്രാന്മാരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബന്ദിയാക്കിയവരുമായി അനൗദ്യോഗിക സംഭാഷണാരംഭിച്ചിട്ടുണ്ടെന്നും ലെബനോനിലെ പോലീസ് മേധാവി വെളിപ്പെടുത്തിയെങ്കിലും പിന്നീട് വിവരങ്ങളുണ്ടായില്ല. സിറിയയിലെ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട ദിനങ്ങളിലായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍. അതിനു ശേഷം സമാനമായ നിരവധി സംഭവങ്ങള്‍ അരങ്ങേറുകയും ചിലതില്‍ ബന്ദികള്‍ പിന്നീടു മോചിപ്പിക്കപ്പെടുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org