99-ാം മിഷന്‍ ദിനം ആചരിച്ചു, സംഖ്യാവിവരങ്ങളുമായി ഫിദെസ്

99-ാം മിഷന്‍ ദിനം ആചരിച്ചു, സംഖ്യാവിവരങ്ങളുമായി ഫിദെസ്
Published on

സഭയുടെ തൊണ്ണൂറ്റൊമ്പതാമത് ലോക മിഷന്‍ ദിനം ഒക്‌ടോബര്‍ 19 ഞായറാഴ്ച ആഘോഷിച്ചു. പ്രത്യാശയുടെ മിഷണറിമാര്‍ സകല ജനതകള്‍ക്കുമിടയില്‍ എന്നതായിരുന്നു ഈ വര്‍ഷത്തെ മിഷന്‍ ദിനാചരണത്തിന്റെ പ്രമേയം. വത്തിക്കാന്‍ മിഷന്‍ വാര്‍ത്താ ഏജന്‍സിസായ ഫിദെസ്, സഭയുടെ പുതിയ സ്ഥിതിവിവരണക്കണക്കുകള്‍ പതിവനുസരിച്ചു മിഷന്‍ ദിനത്തില്‍ പുറത്തുവിട്ടു. 2023 ലെ കണക്കെടുപ്പുകള്‍ പ്രകാരമുള്ളതാണ് സംഖ്യകള്‍.

കത്തോലിക്കരുടെ എണ്ണം ഒരു വര്‍ഷം കൊണ്ട് ഒന്നര കോടി വര്‍ധിച്ചു. ഈ വര്‍ധനവില്‍ 83 ലക്ഷവും ആഫ്രിക്കയിലാണ്. അമേരിക്കന്‍ വന്‍കരയില്‍ 56 ലക്ഷം വര്‍ധിച്ചപ്പോള്‍ ഏഷ്യയില്‍ ഒമ്പതര ലക്ഷവും യൂറോപ്പില്‍ ഏഴര ലക്ഷവും ഒഷ്യാനിയയില്‍ രണ്ടു ലക്ഷവും വര്‍ധിച്ചു. ജനസംഖ്യാനുപാതികമായും നേരിയ വര്‍ധനവ് കത്തോലിക്കാസഭയ്ക്കുണ്ടായി. മുന്‍വര്‍ഷത്തേക്കാള്‍ 0.01 ശതമാനം വര്‍ധിച്ച്, ഇപ്പോള്‍ ലോകജനസംഖ്യയുടെ 17.8 ശതമാനമായിട്ടുണ്ട് കത്തോലിക്കര്‍.

മെത്രാന്മാര്‍ 77 പേര്‍ വര്‍ധിച്ചു. ആകെയുള്ള 5430 മെത്രാന്മാരില്‍ 1172 പേര്‍ വിവിധ സന്യാസസമൂഹങ്ങളിലെ അംഗങ്ങളാണ്. ആകെ വൈദികരുടെ എണ്ണം 4,06,996 പേരാണ്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 734 വൈദികര്‍ കുറവ്. ഏറ്റവും കുറവു വന്നത് യൂറോപ്പിലാണ്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 2486 പേരുടെ കുറവ്. അമേരിക്കയില്‍ 800 പേരും ഒഷ്യാനിയയില്‍ 44 പേരും കുറഞ്ഞു. പക്ഷേ ആഫ്രിക്കയില്‍ 1451 വൈദികരും ഏഷ്യയില്‍ 1145 വൈദികരും വര്‍ധിച്ചു.

വനിതാസന്യസ്തരുടെ എണ്ണത്തില്‍ 9805 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ആഫ്രിക്കയില്‍ 1804 പേരും ഏഷ്യയില്‍ 46 പേരും വര്‍ധിച്ചെങ്കിലും യൂറോപ്പില്‍ 7,338 പേരും അമേരിക്കയില്‍ 4,066 പേരും ഒഷ്യാനിയായില്‍ 251 പേരും കുറഞ്ഞു.

മേജര്‍ സെമിനാരി വിദ്യാര്‍ഥികളുടെ എണ്ണവും കുറഞ്ഞു. ആഫ്രിക്കയില്‍ മാത്രമാണ് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org