
അമേരിക്കയില്‍ നിന്നുള്ള എണ്ണായിരത്തിലേറെ കത്തോലിക്കായുവാക്കള്‍ ഒരുമിച്ചു വിശുദ്ധനാട്ടില്‍ തീര്‍ത്ഥാടനത്തിനെത്തി. യേശു ഗിരിപ്രഭാഷണം നടത്തിയതായി വിശ്വസിക്കപ്പെടുന്ന സുവിശേഷഭാഗ്യങ്ങളുടെ മലയില്‍ അവരുടെ സമൂഹപ്രാര്‍ത്ഥനയ്ക്ക് ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസ് പിയെര്‍ബാറ്റിസ്റ്റ പിസ്സബല്ലാ നേതൃത്വം നല്‍കി. നിയോകാറ്റക്കുമ്‌നല്‍ വേ എന്ന ഭക്തസംഘടനയുടെ നേതൃത്വത്തിലായിരുന്നു ഈ തീര്‍ത്ഥാടനം.
വിശുദ്ധനാട്ടിലെ ജനങ്ങളോടുള്ള അടുപ്പത്തിന്റെയും പ്രത്യാശയുടെയും ഒരു മുഹൂര്‍ത്തമാണ് ഈ തീര്‍ത്ഥാടനമെന്നു സുവിശേഷഭാഗ്യമലയില്‍ സ്ഥിതി ചെയ്യുന്ന ധ്യാനകേന്ദ്രത്തിന്റെ റെക്ടര്‍ പ്രതികരിച്ചു. അവധിക്കാലത്തിന്റെ ആഘോഷങ്ങളും ആഹ്ലാദങ്ങളും ത്യജിച്ച് തീര്‍ത്ഥാടനത്തിനെത്തിയ യുവജനങ്ങളുടെ സാന്നിദ്ധ്യം സഭ ശരിക്കും സജീവമായിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
1964 ല്‍ സ്‌പെയിനില്‍ സ്ഥാപിതമായ പ്രസ്ഥാനമാണ് നിയോക്യാറ്റക്കുമ്‌നല്‍ വേ. സഭാംഗങ്ങളാകുന്നവര്‍ക്കുള്ള തുടര്‍ വിശ്വാസപരിശീലനം നല്‍കുകയാണു ലക്ഷ്യം. ഇപ്പോള്‍ ലോകമാകെ പത്തു ലക്ഷത്തിലധികം അംഗങ്ങള്‍ ഈ പ്രസ്ഥാനത്തിലുണ്ടെന്നാണു കണക്ക്. സ്ഥാപകരിലൊരാളായ കാര്‍മെന്‍ ഹെര്‍ണാണ്ടസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിട്ടുണ്ട്.