സഭയ്ക്ക് ഏഴു വിശുദ്ധര്‍ കൂടി

സഭയ്ക്ക് ഏഴു വിശുദ്ധര്‍ കൂടി
Published on

ഏഴു പുതിയ വിശുദ്ധരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇവരില്‍ വെനിസ്വേലായിലും പാപുവ ന്യൂഗിനിയയിലും നിന്നുള്ളവര്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യവിശുദ്ധരാണ്. ക്രിസ്തുവിന്റെ പ്രകാശം പരത്താന്‍ കഴിഞ്ഞ വിളക്കുകളായിരുന്നു ഈ വിശുദ്ധരെന്നും അവര്‍ വിശ്വാസത്തിന്റെ വിളക്ക് അണയാതെ സൂക്ഷിക്കട്ടെയെന്നും പാപ്പ പറഞ്ഞു.

വെനിസ്വേലായില്‍ നിന്നു രണ്ടുപേരാണ് വിശുദ്ധരായി വാഴിക്കപ്പെട്ടത്. പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ജോസ് ഗ്രിഗോറിയോ സിസ്‌നെറോസും ഇടംകൈ ഇല്ലാതെ ജനിച്ചു വളര്‍ന്ന സിസ്റ്റര്‍ മരിയ ദെല്‍ കാര്‍മെന്‍ മാര്‍ട്ടിനെസും. പാപുവ ന്യൂഗ്വിനിയയില്‍ നിന്നുള്ള ആദ്യവിശുദ്ധന്‍ ഒരു രക്തസാക്ഷിയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് അധിനിവേശത്തിനിടെ കൊല്ലപ്പെട്ട അല്‍മായ മതബോധകനായ പീറ്റര്‍ ടോ റോട്ട്.

ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അര്‍മീനിയന്‍ വംശഹത്യാക്കാലത്ത് കൊല്ലപ്പെട്ട അര്‍മീനിയന്‍ കാത്തലിക് ആര്‍ച്ചുബിഷപ് ഇഗ്നേഷ്യസ് മലോയാന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. നവവിശുദ്ധരില്‍ ഏറ്റവും പ്രസിദ്ധനായിട്ടുള്ളത് 19-ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ അഭിഭാഷകനായിരുന്ന ബര്‍ത്തോലോ ലോംഗോ ആണ്. സാത്താന്‍ ആരാധകനായിരുന്ന അദ്ദേഹം പിന്നീട് മാനസാന്തരപ്പെട്ടു കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഇറ്റലിയിലെ പ്രമുഖ മരിയന്‍ തീര്‍ഥാടകകേന്ദ്രമായി മാറിയിരിക്കുന്ന പോംപെ ജപമാല മാതാവിന്റെ ദേവാലയം സ്ഥാപിക്കുന്നതിനു മുന്‍കൈയെടുത്തത് അദ്ദേഹമാണ്.

ഒരു സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയായ ഇറ്റാലിയന്‍ സിസ്റ്റര്‍ വിന്‍സെന്‍സ മരിയ പോളോണി, ഇക്വഡോറിലെ ആമസോണ്‍ വനാന്തരങ്ങളില്‍ ആദിവാസികള്‍ക്കൊപ്പം 44 വര്‍ഷം സേവനം ചെയ്ത ഇറ്റാലിയന്‍ സലേഷ്യന്‍ സിസ്റ്റര്‍ മിയ ട്രോങ്കാറ്റി എന്നിവരും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org