ആറു പേര്‍ കൂടി അള്‍ത്താരയിലേക്ക്

ആറു പേര്‍ കൂടി അള്‍ത്താരയിലേക്ക്

വിശുദ്ധരുടെ നാമകരണകാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ച്ചേല്ലോ സെമരാരോ ഫ്രാന്‍സിസ് പാപ്പയുടെ മുന്‍പില്‍ സമര്‍പ്പിച്ച ആറുപേരുടെ നാമകരണപരിപാടികള്‍ക്കായുള്ള അപേക്ഷ അംഗീകരിച്ചു. ഇവരില്‍ ഒരാള്‍ വിശുദ്ധപദവിയിലേക്കും, മറ്റു അഞ്ചുപേര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുമാണ് ഉയര്‍ത്തപ്പെടുന്നത്.

വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ട സി. മാരി ലിയോണി പരദിസ് ഹോളി ഫാമിലി ലിറ്റില്‍ സിസ്റ്റേഴ്സ് സഭയുടെ സ്ഥാപകയാണ്. 1840 മെയ് 12 ന് കാനഡ യിലെ ക്യൂബെക്ക് പ്രവിശ്യയിലുള്ള അക്കാഡിയ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1912 മെയ് 3 ന് ഷെര്‍ബ്രൂക്കില്‍ മരിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984 ല്‍ കാനഡയിലേക്കുള്ള തന്റെ അപ്പസ്‌തോലിക യാത്രയ്ക്കിടെ സി. മാരി ലിയോണി പരദിസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രൂപത പുരോഹിതനായ മൈക്കല്‍ റാപാക്‌സ് പോളിഷ് വംശജനാണ്. വിശ്വാസസംരക്ഷണത്തിനായി 1946 മെയ് 12-ന് പോളണ്ടിലെ പോക്കി എന്ന പ്രദേശത്തുവച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

ദൈവദാസനായ സിറില്‍ ജോ ണ്‍ സൊഹ്റാബിയന്‍, കപ്പൂച്ചിന്‍ വൈദികനും അസിലിസെനിലെ മെത്രാനും ആയിരുന്നു. തുര്‍ക്കി വംശജനായ അദ്ദേഹം 1972 സെപ്റ്റംബര്‍ 20-ന് റോമില്‍ വച്ചാണ് മരണപ്പെടുന്നത്. സ്‌പെയിന്‍കാരനായ ദൈവദാസന്‍ സെബാസ്റ്റ്യന്‍ ഗിലി വൈവ്‌സ് അഗസ്തീനിയന്‍ ഡോട്ടേഴ്‌സ് കോണ്‍ഗ്രിഗേഷന്റെ സ്ഥാപകനാണ്. 1894-ല്‍ സ്‌പെയിനില്‍വച്ച് നിത്യതയിലേക്ക് വിളിക്കപ്പെട്ടു.

കപ്പൂച്ചിന്‍ വൈദികനായ ജാന്‍ഫ്രാന്‍കോ മരിയ കിതിയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റൊരു വ്യക്തി. ഇറ്റാലിയന്‍ വംശജനായ അദ്ദേഹം 2004 നവംബര്‍ 20-നാണ് റോമില്‍ വച്ചു മരണപ്പെടുന്നത്. സഭയുടെ പെണ്‍മക്കള്‍ എന്ന സന്യാസ സഭയില്‍ അംഗമായിരുന്ന ദൈവദാസി വിശുദ്ധ തെരേസ മഗ്ദലീനയും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും. ഇറ്റലിയിലാണ് ജനനം. 1946 മെയ് ഇരുപത്തിയെട്ടിനാണ് ഇറ്റലിയിലെ വെനീസില്‍ നിര്യാതയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org