2025 ജനുവരി ഒന്നിന് ആഘോഷിക്കുന്ന 58-ാമത് ലോകസമാധാന ദിനത്തിന്റെ പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തതായി വത്തിക്കാന്‍ സമഗ്ര മനുഷ്യ വികസന കാര്യാലയം അറിയിച്ചു. 'ഞങ്ങളുടെ അതിലംഘനങ്ങള്‍ ക്ഷമിക്കുക, നിന്റെ സമാധാനം ഞങ്ങള്‍ക്ക് തരിക' എന്നതാണ് പ്രമേയം.
ജൂബിലി വര്‍ഷത്തിന്റെ ബിബ്ലിക്കലും സഭാത്മകവുമായ അര്‍ത്ഥത്തോടു ചേര്‍ന്നു പോകുന്ന ഒരു പ്രമേയമാണ് ഇതെന്നു കാര്യാലയം വിശദീകരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോ സി, ഫ്രത്തല്ലോ തൂത്തി എന്നീ ചാക്രിക ലേഖനങ്ങളുടെ പ്രചോദനവും ഈ പ്രമേയത്തിന് പിന്നിലുണ്ട്.
ഒരു മനഃപരിവര്‍ത്തനത്തിന്, പ്രമേയം നമ്മെ ആഹ്വാനം ചെയ്യുന്നു. വ്യക്തിപരവും സാമുദായികവും അന്തര്‍ദേശീയവുമായ ഒരു യഥാര്‍ത്ഥ മനഃപരിവര്‍ത്തനത്തിലൂടെ മാത്രമേ സമാധാനത്തെ ഉണര്‍ത്താനാവു, കാര്യാലയം വിശദീകരിച്ചു.
നിര്‍മ്മിത ബുദ്ധി, തലമുറകള്‍ക്കിടയിലെ സംവാദം, പരിചരണ സംസ്‌കാരം, നല്ല രാഷ്ട്രീയം തുടങ്ങിയവയായിരുന്നു ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരഞ്ഞെടുത്ത പ്രമേയങ്ങള്‍.
1968 ജനുവരി ഒന്നിന് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് ലോകസമാധാന ദിനം സ്ഥാപിച്ചത്. പിന്നീട് 1981 ല്‍ ഐക്യരാഷ്ട്ര സഭ സെപ്റ്റംബര്‍ 21 അന്താരാഷ്ട്ര സമാധാന ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.