2025 ലെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിശുദ്ധ വാതില്‍ തുറക്കുന്ന കര്‍മ്മം വത്തിക്കാനിലെ നാല് ബസിലിക്കകളിലും ഒപ്പം ഒരു ജയിലിലും നടത്തുമെന്ന് വത്തിക്കാന്‍ വിശ്വാസകാര്യാലയം അറിയിച്ചു. 2024 ക്രിസ്മസ് രാത്രി മുതല്‍ 2026 ജനുവരി 6 വരെയാണ് ജൂബിലി വര്‍ഷാചരണം. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക, വിശുദ്ധ മേരി മേജര്‍ ബസിലിക്ക, സെന്റ് പോള്‍ ബസിലിക്ക എന്നിവയാണ് വിശുദ്ധ വാതില്‍ തുറക്കല്‍ നടത്തുന്ന നാല് ബസിലിക്കകള്‍. അഞ്ചാമത്തേത് ഒരു ജയിലില്‍ ആയിരിക്കും. ജയിലിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ അഞ്ചിടങ്ങളിലും വിശുദ്ധ വാതില്‍ തുറക്കുന്ന കര്‍മ്മം നടത്തുക ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടായിരിക്കും. ക്രിസ്മസ് രാത്രിയായ ഡിസംബര്‍ 24, തിരുക്കുടുംബ തിരുനാളായ ഡിസംബര്‍ 29, ദൈവമാതാവിന്റെ തിരുനാളായ ജനുവരി 1, ജനുവരി 5 എന്നീ തീയതികളിലായിരിക്കും ബസിലിക്കകളിലെ വിശുദ്ധ വാതിലുകള്‍ തുറക്കുക.
ജൂബിലി വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വത്തിക്കാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീര്‍ത്ഥാടനങ്ങള്‍, വിശുദ്ധ സ്ഥലത്തേക്കുള്ള ഭക്തിപൂര്‍വമായ സന്ദര്‍ശനങ്ങള്‍, കാരുണ്യത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ദണ്ഡവിമോചനത്തിനുള്ള മാര്‍ഗങ്ങള്‍.
കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഇരുപത്തെട്ടാമത്തെ ജൂബിലി ആഘോഷമാണ് അടുത്തവര്‍ഷം നടക്കുന്നത്.