2025 ജൂബിലി വര്‍ഷത്തിന്റെ ലോഗോ തിരഞ്ഞെടുത്തു

2025 ജൂബിലി വര്‍ഷത്തിന്റെ ലോഗോ തിരഞ്ഞെടുത്തു

2025 ല്‍ ആഗോള സഭ നടത്തുന്ന ജൂബിലി വര്‍ഷാഘോഷത്തിന്റെ ലോഗോ തിരഞ്ഞെടുത്തു. അന്താരാഷ്ട്രതലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ലോഗോ വത്തിക്കാന്‍ സുവിശേഷവത്കരണകാര്യാലയം മേധാവി ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ല ആണു പ്രസിദ്ധപ്പെടുത്തിയത്. ''പ്രത്യാശയുടെ തീര്‍ത്ഥാടകര്‍'' എന്നതാണു ജൂബിലിവര്‍ഷത്തിന്റെ പ്രമേയം. 48 രാജ്യങ്ങളില്‍ നിന്നുള്ള 294 ലോഗോകള്‍ വത്തിക്കാനില്‍ ലഭിച്ചിരുന്നു. ആറു മുതല്‍ 83 വരെ വയസ്സുള്ളവര്‍ വരച്ച ലോഗോകളായിരുന്നു ഇത്. ഇവയില്‍ നിന്നു തിരഞ്ഞെടുത്ത മൂന്ന് എണ്ണം മാര്‍പാപ്പയ്ക്കു കൈമാറുകയും അവസാന തിരഞ്ഞെടുപ്പ് പാപ്പാ നടത്തുകയുമായിരുന്നു. മനുഷ്യവംശത്തെയാകെ പ്രതിനിധീകരിക്കുന്ന, ഭൂമിയുടെ നാലു ദിക്കുകളില്‍ നിന്നുള്ള മനുഷ്യര്‍ പരസ്പരമാശ്ലേഷിച്ചും കുരിശിനെ ആശ്രയിച്ചും നില്‍ക്കുന്നതാണു ലോഗോ.

25 വര്‍ഷം കൂടുമ്പോഴാണ് സഭ ജൂബിലി അഥവാ വിശുദ്ധവര്‍ഷം ആഘോഷിക്കുന്നത്. 2000 ലെ മഹാജൂബിലിയാഘോഷത്തിന്റെ ലോഗോ ''ക്രിസ്തു ഇന്നലെ, ഇന്ന്, എന്നേക്കും'' എന്നതായിരുന്നു.

2025 ലെ വിശുദ്ധവര്‍ഷാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ആര്‍ച്ചുബിഷപ് ഫിസിഷെല്ലാ അറിയിച്ചു. 2024 പ്രാര്‍ത്ഥനയ്ക്കായി സമര്‍പ്പിക്കും. 2023 ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന പ്രമാണരേഖകള്‍ക്കു കൂടുതല്‍ ശ്രദ്ധയും പ്രചാരവും നല്‍കും. വത്തിക്കാന്‍ കൗണ്‍സിലിന്റെ അറുപതാം വാര്‍ഷികവുമാണ്. - ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org