
സഭയുടെ സാര്‍വത്രിക സ്വഭാവത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉള്ളില്‍ വച്ചുകൊണ്ട് പുതിയ കാര്‍ഡിനല്‍മാരെ നിയമിക്കുന്ന തന്റെ ശൈലി പാലിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രാവശ്യവും പുതിയ കാര്‍ഡിനല്‍മാരെ പ്രഖ്യാപിച്ചിരിക്കുന്നത്. സഭാ ഭരണസംവിധാനത്തിലെ തന്റെ നവീകരണശ്രമങ്ങള്ക്കു പാപ്പാ നല്കുന്ന പ്രാധാന്യവും പുതിയ കാര്‍ഡിനല്‍ നിയമനങ്ങളില്‍ പ്രകടമാണെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.
വാഷിംഗ്ടണ്‍ ആര്‍ച്ചുബിഷപ് വില്‍ടണ്‍ ഗ്രിഗറിയാണ് പുതിയ പട്ടികയിലെ ഒരു പ്രധാന വ്യക്തിത്വം. അമേരിക്കന്‍ കത്തോലിക്കാ സഭയില്‍ നിന്നു കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരനാണ് അദ്ദേഹം. സെപ്തംബറില്‍ മെത്രാന് സിനഡിന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ട മാള്‍ട്ടയിലെ ബിഷപ് മാരിയോ ഗ്രെഷ്, രണ്ടാഴ്ച മുമ്പ് വിശുദ്ധരുടെ നാമകരണകാര്യാലയത്തിന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ഇറ്റലിക്കാരനായ ബിഷപ് മാര്‍സെലോ സെമെരാരോ എന്നിവരാണു മറ്റു രണ്ടു പേര്. ചിലിയിലെ സാന്തിയാഗോ ആര്‍ച്ചുബിഷപ് സെലെസ്റ്റിനോ ബ്രാകോ, റുവാണ്ടയിലെ കിഗാലി ആര്‍ച്ചുബിഷപ് അന്റോയിന്‍ കംബാണ്ട, ഫിലിപ്പൈന്‍സിലെ കാപിസ് ആര്‍ച്ചുബിഷപ് ജോസ് ഫ്യുവെര്ത്തെ അഡ്വിഞ്ചുള, ബ്രൂണൈയിലെ അപ്പസ്തോലിക് വികാരി ബിഷപ് കൊര്‍ണേലിയൂസ് സിം, ഇറ്റലിയിലെ സിയെന്ന ആര്‍ച്ചുബിഷപ് അഗസ്റ്റോ പൗലോ ലോജുഡിസ്, അസ്സീസി ആശ്രമത്തിന്റെ അധികാരിയായ ഫാ. മൗരോ ഗാംബെറ്റി എന്നിവരും കാര്‍ഡിനല്‍മാരായി ഉയര്‍ത്തപ്പെട്ടു. ഇവരെല്ലാവരും 80 വയസ്സിനു താഴെ പ്രായമുള്ളവരും അതിനാല്‍ മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും ആണ്.
എണ്പതു വയസ്സു പിന്നിട്ട നാലു പേരെ മാര്‍പാപ്പ കാര്‍ഡിനല്‍മാരായി ഉയര്‍ത്തിയിട്ടുണ്ട്. സഭയ്ക്കു നല്കിയ സേവനത്തിനു നല്കുന്ന ബഹുമതിയെന്ന നിലയ്ക്കാണ് ഇവരെ കാര്ഡിനല്മാരാക്കുന്നത്. നാല്പതു വര്‍ഷമായി പേപ്പല്‍ വസതിയിലെ ധ്യാനഗുരുവായി സേവനം ചെയ്തു വരുന്ന കപ്പുച്ചിന്‍ സന്യാസി ഫാ. റനീറോ കന്തലമേസ്സായാണ് ഇവരില്‍ ഏറ്റവും പ്രമുഖന്. 86 കാരനാണ് ഇദ്ദേഹം. മെക്സിക്കോയിലെ ബിഷപ് ഫിലിപ് എസ്ക്വിവെല്‍, ദീര്‍ഘകാലം വത്തിക്കാന്റെ യു എന്‍ പ്രതിനിധിയായിരുന്ന ആര്‍ച്ചുബിഷപ് സില്‍വാനോ തോമാസി, റോമിലെ കാസില്‍ ഡി ലെവായിലെ ഇടവക വികാരിയായ മോണ്‍. എന്റിക്കോ ഫെറോചി എന്നിവരാണ് മറ്റുള്ളവര്‍.