‘വിശുദ്ധ ഫ്രാന്‍സിസിന്റെ അങ്കണം’ പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബര്‍ 10 മുതല്‍

The 12th edition of ‘The Courtyard of Saint Francis’ will begin on September 10th.
Published on

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ സന്യാസികള്‍ ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന, അസ്സീസിയിലെ വിഖ്യാത സാംസ്‌കാരിക സംഗമമായ, ‘വിശുദ്ധ ഫ്രാൻസിസിന്റെ അങ്കണം’ പന്ത്രണ്ടാം പതിപ്പ് സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ചരമത്തിന്റെ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ‘ഒരു ശുഭകരമായ വാര്‍ത്ത’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ 13 വരെയും തുടര്‍ന്ന് 17 മുതല്‍ 20 വരെയും 2 ഘട്ടങ്ങളിലായിട്ടാണ് ഈ ആഘോഷ പരിപാടികള്‍ നടക്കുക.

മാനുഷികമായ സന്തോഷം, ബന്ധങ്ങള്‍, ആരോഗ്യം, സംസ്‌കാരം, ആത്മീയത എന്നിവ സമന്വയി ക്കുന്ന ഒരു സമഗ്ര ജീവിതരീതിയെക്കുറിച്ചാണ് ഈ വര്‍ഷത്തെ സംവാദങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. മതപരമായ ചടങ്ങ് എന്നതിലുപരി, വിവിധ വിജ്ഞാനശാഖകളിലുള്ള വിദഗ്ധരും സാധാരണക്കാരും തമ്മിലുള്ള സൗഹൃദപരമായ സംവാദത്തിനും ആശയവിനിമയത്തിനുമുള്ള വേദിയായാണ് ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 13-ന് പ്രശസ്ത സംഗീതജ്ഞന്‍ ജോവാന്നി അല്ലേവി നയിക്കുന്ന സംഗീതനിശയും സെപ്റ്റംബര്‍ 18-ന് സ്‌പോലെത്തോ തടവറയിലെ അന്തേവാസികള്‍ അവതരിപ്പിക്കുന്ന ‘ഒക്കി എ ഗാബിയെ’ എന്ന നാടകവും മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇതിനുപുറമെ, നിര്‍മ്മിത ബുദ്ധിയുടെ കാലികപ്രസക്തിയെക്കുറിച്ച് ഫാ. പൗളോ ബെനാന്തി നയിക്കുന്ന ചര്‍ച്ചയും, പ്രശസ്ത കവിയും പുരോഹിതനുമായ ഡോണ്‍ കോസിമോ സ്‌കെനയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ആത്മീയസംഗമവും പരിപാടിയുടെ മാറ്റ് കൂട്ടും.

ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹി പ്പിക്കുന്ന ‘അസ്സീസി ഫോര്‍ ലൈഫ്’ എന്ന ഉത്സവവും ഇത്തവണ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ശരിയായ ഭക്ഷണക്രമം, വ്യായാമം, പരിസ്ഥിതി സൗഹൃദപരമായ ജീവിതം എന്നിവയെക്കുറിച്ച് ഇതിലൂടെ ജനങ്ങള്‍ക്ക് അവബോധം നല്‍കും.

logo
Sathyadeepam Online
www.sathyadeepam.org