താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും നിയന്ത്രണം പിടിച്ചതോടെ രാജ്യത്തെ ക്രൈസ്തവര്‍ ഏതു നിമിഷവും ആക്രമണം ഭയപ്പെടുന്നു. ക്രിസ്ത്യാനികളോടു വീടുകളില്‍ നിന്നു പുറത്തിറങ്ങാതെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നു ഒരു അഫ്ഗാനി ക്രൈസ്തവ നേതാവ് പറഞ്ഞു. "ഞങ്ങള്‍ നിങ്ങളെ തേടി വരികയാണ്," എന്നു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളികള്‍ അറിയപ്പെടുന്ന ക്രൈസ്തവരില്‍ പലര്‍ക്കും ലഭിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
പന്ത്രണ്ടായിരത്തോളം ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണു കണക്ക്. കത്തോലിക്കര്‍ ഇരുനൂറോളം വരും. ബുദ്ധ, ഹിന്ദു മതസ്ഥരും നാമമാത്രമായി ഉണ്ട്. ഏറ്റവും അധികമുള്ള ന്യൂനപക്ഷം ക്രൈസ്തവരാണ്. മതമര്‍ദ്ദനം മൂലം ക്രൈസ്തവര്‍ പൊതുവെ പൊതുജനശ്രദ്ധയില്‍ വരാതെ കഴിയുന്നവരാണ്. താലിബാന്‍ അധികാരത്തിലെത്തുകയും ഇസ്ലാമിക നിയമമായ ശാരിയ നടപ്പാക്കുകയും ചെയ്യുന്നതോടെ മതം മാറി ക്രൈസ്തവരായരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമെന്ന ഭീതി ശക്തമാണ്.
മാഫിയ സ്വഭാവത്തോടെയാണ് ഇക്കാര്യത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ പ്രവര്‍ത്തിക്കുകയെന്നു മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ക്രൈസ്തവനേതാക്കള്‍ പറഞ്ഞു. അക്രമങ്ങളും കൊലപാതകങ്ങളും നിര്‍ബാധം നടക്കും. പക്ഷേ ഒന്നിന്റെയും ഉത്തരവാദിത്വം താലിബാന്‍ ഔദ്യോഗികമായി ഏറ്റെടുക്കുകയില്ല.
താലിബാന്‍ ഭരണമേറ്റെടുത്തു കഴിഞ്ഞാല്‍ എല്ലാവരും മോസ്‌കില്‍ പ്രാര്‍ത്ഥനയ്ക്കു പോകാന്‍ നിര്‍ബന്ധിതരാകും. അതുകൊണ്ട് ക്രൈസ്തവര്‍ക്കു സ്വന്തം വിശ്വാസം വെളിപ്പെടുത്തേണ്ടി വരും. പുരുഷന്മാര്‍ താടി വളര്‍ത്തണമെന്നതു പോലുള്ള പ്രാകൃതനിയമങ്ങളും അടിച്ചേല്‍പിക്കും. സ്വന്തം കുട്ടികളെ താലിബാന്‍ പിടിച്ചു കൊണ്ടു പോകുമെന്ന ഭീതിയും ക്രൈസ്തവര്‍ക്കുണ്ട്.