സെ.ആന്റണിയോടു 100 വര്‍ഷമായി തുടരുന്ന നിത്യനൊവേനയുമായി സന്യാസികള്‍

സെ.ആന്റണിയോടു 100 വര്‍ഷമായി തുടരുന്ന നിത്യനൊവേനയുമായി സന്യാസികള്‍

ന്യൂയോര്‍ക്കിലെ ഒരു ആശ്രമത്തില്‍ വി. അന്തോണീസിനോടു നിത്യേനയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നൊവേനയും തുടങ്ങിയിട്ട് 100 വര്‍ഷങ്ങള്‍. പ്രാര്‍ത്ഥനാസഹായം തേടിക്കൊണ്ടുള്ള നാലു ലക്ഷത്തോളം കത്തുകളാണ് ഒരു വര്‍ഷം ഇവിടെ ലഭിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു വിവിധ ഭാഷകളിലുള്ളവയാണ് ഈ അഭ്യര്‍ത്ഥനകള്‍.

പ്രായശ്ചിത്തത്തിന്റെ ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ എന്നു പേരുള്ള ഈ സമൂഹത്തിന്റെ സ്ഥാപകനായ ദൈവദാസന്‍ ഫാ. പോള്‍ വാട്‌സണ്‍ തന്നെയാണ് നിത്യേനയുള്ള ഈ നൊവേനയ്ക്കും തുടക്കമിട്ടത്. 1912 ല്‍ യാദൃശ്ചികമായിട്ടായിരുന്നു അത്. ആശ്രമത്തിലെ ചാപ്പലില്‍ സെ.ആന്റണിയുടെ ഒരു രൂപം സ്ഥാപിച്ച ശേഷം അതിനു മുമ്പില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ ഒരാള്‍ ഒരു കത്ത് അദ്ദേഹത്തിനു നല്‍കി. മരണാസന്നനായിരിക്കുന്ന തന്റെ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നഭ്യര്‍ത്ഥിച്ച് ഒരമ്മ എഴുതിയ കത്തായിരുന്നു അത്. കുഞ്ഞിന്റെ പേരും ആന്റണി എന്നായിരുന്നു. ഫാ. വാട്‌സണ്‍ അവിടെ മുട്ടുകുത്തി, കുഞ്ഞിനെ സെ.ആന്റണിയുടെ മദ്ധ്യസ്ഥത്തിനു ഭരമേല്‍പിച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ഫാ.വാട്‌സണും മറ്റു സന്യാസിമാരും ഈ കുഞ്ഞിനു വേണ്ടിയുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ആ അമ്മയുടെ കത്തു കിട്ടി. ഇപ്രാവശ്യം കുഞ്ഞു സുഖപ്പെട്ടുവെന്നറിയിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. സന്യാസിമാര്‍ വി.അന്തോണീസിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന അവിടെ നിറുത്തിയില്ല. എല്ലാ ദിവസവും നൊവേന തുടര്‍ന്നു, കത്തുകളുടെ വരവും.

ഇപ്പോള്‍ 65 സന്യാസികളാണ് ഈ സമൂഹത്തിലുള്ളത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org