യുവജനങ്ങള്‍ക്കുള്ള സഭയുടെ സന്ദേശത്തിന്‍റെ കേന്ദ്രം ദൈവവചനം

യുവജനങ്ങള്‍ക്കുള്ള സഭയുടെ സന്ദേശത്തിന്‍റെ കേന്ദ്രം ദൈവവചനമാണെന്ന് കാര്‍ഡിനല്‍ ഡ്യൂഡണ്‍ എന്‍സാപലൈംഗ പ്രസ്താവിച്ചു. "യുവജനങ്ങള്‍, വിശ്വാസം, ദൈവവിളി വിവേചനം" എന്ന പ്രമേയവുമായി റോമില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിന്‍റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍. കത്തോലിക്കാസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കാര്‍ഡിനലാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാംഗുയി ആര്‍ച്ചുബിഷപ്പായ ഈ അമ്പത്തൊന്നുകാരന്‍. 2016-ലാണ് അദ്ദേഹം കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടത്. സിനഡിന്‍റെ മോഡറേറ്റര്‍മാരിലൊരാളാണ് കാര്‍ഡിനല്‍.

സ്വന്തം ജീവിതങ്ങളില്‍ ദൈവത്തെ കണ്ടെത്താന്‍ സഭയുടെ സഹായം തേടുകയാണു യുവജനങ്ങളെന്നു കാര്‍ഡിനല്‍ പറഞ്ഞു. വിശേഷിച്ചും ദുഷ്കര സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സഭയെ ആണു സഹായത്തിനായി അവര്‍ ഉറ്റു നോക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിലേറെ കാലമായി നിരന്തരമായ ആഭ്യന്തരയുദ്ധങ്ങള്‍ അരങ്ങേറിയ രാജ്യമാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്. യുദ്ധം മൂലം സഹനമനുഭവിക്കുന്നവര്‍ക്ക് ദൈവവചനമാണ് ദൈവത്തിന്‍റെ സന്ദേശമെത്തിക്കുന്നത്. യുദ്ധവും സഹനങ്ങളും നേരിടുന്ന നാടുകളിലെല്ലാം ദൈവം സന്നിഹിതനാണ്. യേശുവാണ് സഹിക്കുന്നത് – കാര്‍ഡിനല്‍ പറഞ്ഞു.

ബുദ്ധിമുട്ടുകളെല്ലാമുണ്ടെങ്കിലും തന്‍റെ രാജ്യത്തെ യുവജനങ്ങള്‍ സഭയെ സ്നേഹിക്കുന്നവരാണെന്നു കാര്‍ഡിനല്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവരാഗ്രഹിക്കുന്നു. ദൈവത്തിന്‍റെ സന്ദേശം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു യുവജനങ്ങളെ സഭ സഹായിക്കേണ്ടതുണ്ട്. ഓരോ സംസ്കാരത്തിലേയും ഗുണദോഷങ്ങളെ വിവേചിച്ചറിയേണ്ടത് സുവിശേഷത്തെ ആ ധാരമാക്കിയാണ്-കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org