ഡുക്യാറ്റ്-യുവജനങ്ങള്‍ക്കു യുക്യാറ്റ് പുതിയ രൂപത്തില്‍

ഡുക്യാറ്റ്-യുവജനങ്ങള്‍ക്കു യുക്യാറ്റ് പുതിയ രൂപത്തില്‍

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ലളിതമായ രൂപത്തില്‍ യുവജനങ്ങള്‍ക്കു ലഭ്യമാക്കിയ യുക്യാറ്റ് പോലെ, ഇതിന്‍റെ ഉള്ളടക്കം പ്രവര്‍ത്തനകേന്ദ്രീകൃതമായ മറ്റൊരു രൂപത്തില്‍ കൂടി തയ്യാറാക്കിയിരിക്കുന്നു. പോളണ്ടിലെ ക്രാക്കോവില്‍ നടക്കുന്ന യുവജനദിനാഘോഷങ്ങളുടെ ഭാഗമായി ഇതു പ്രസിദ്ധീകരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ ഇത് ആപ്പ് രൂപത്തിലാണ് പുറത്തിറക്കുക.
2011-ല്‍ സ്പെയിനിലെ മാഡ്രിഡില്‍ നടന്ന യുവജനദിനാഘോഷത്തോടനുബന്ധിച്ചാണ് യുക്യാറ്റ് പ്രസിദ്ധീകരിക്കപ്പെട്ടത്. സഭയുടെ പ്രസിദ്ധീകരണ ചരിത്രത്തിലെ വലിയൊരു നേട്ടമായിരുന്നു മതബോധനം യുവജനങ്ങള്‍ക്കായി ക്രോഡീകരിച്ച ഈ സംരംഭം. ഇതിന്‍റെ തുടര്‍ച്ചയായി സഭാപ്രബോധനം ആകര്‍ഷകമായി തയ്യാറാക്കിയിരിക്കുകയാണ് ഡുക്യാറ്റില്‍. മാര്‍പാപ്പയാണ് അവതാരിക എഴുതിയിരിക്കുന്നത്. പുതിയ തലമുറയെ കുറിച്ചുള്ള മാര്‍പാപ്പയുടെ സ്വപ്നത്തിനാണ് ഡുക്യാറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് യുക്യാറ്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഡുക്യാറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലോകമെങ്ങുമുള്ള യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചാരണം നല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. പുസ്തകത്തിന്‍റെ ആപ്പില്‍ അതിന്‍റെ ഉള്ളടക്കം മാത്രമല്ല, അതു പഠിക്കുന്നതിനുള്ള കൗതുകകരമായ ചില ഉപാധികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡുക്യാറ്റിന്‍റെ അച്ചടിച്ച പതിപ്പ് രണ്ടു ഭാഷകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളൂ. എന്നാല്‍ ആപ്പ്, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ട്ടുഗീസ്, ഫ്രഞ്ച്, സ്ലോവാക്, പോളിഷ്, ജര്‍മ്മന്‍ തുടങ്ങി നിരവധി ലോകഭാഷകളില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. കമ്മ്യൂണിസവും ക്യാപിറ്റലിസവും പരാജയമടഞ്ഞ ലോകത്ത് ഇനി ലോകത്തെ മാറ്റുന്നതിനു പ്രാപ്തമായത് സഭയുടെ സാമൂഹികപ്രബോധനമാണെന്നും അത് ആഴത്തില്‍ പഠിച്ച ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ പ്രസിദ്ധീകരണത്തിലൂടെ നടക്കുന്നതെന്നും ഫൗണ്ടേഷന്‍ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org