എല്‍സാല്‍വദോറില്‍ നാലു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരാക്കി

എല്‍സാല്‍വദോറില്‍ നാലു രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരാക്കി
Published on

1977 മാര്‍ച്ച് 12-ന് വധിക്കപ്പെട്ട ഈശോസഭാ വൈദികനായ റുത്തീലിയൊ ഗ്രാന്തെ, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മനുവേല്‍ സൊളോര്‍ത്സനൊ, 15 വയസ്സുകാരനായിരുന്ന നെല്‍സണ്‍ റുത്തീലിയൊ ലെമൂസ്, 1980 ജൂണ്‍ 14-ന് വധിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ പ്രേഷിതവൈദികനായിരുന്ന ഇറ്റാലിയന്‍ സ്വദേശി കോസ്മ സ്‌പെസ്സോത്തൊ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിന്റെ തലസ്ഥാനമായ സാന്‍ സാല്‍വദോറില്‍ ആയിരുന്നു പ്രഖ്യാപനം. കര്‍ദ്ദിനാള്‍ ഗ്രെഗോറിയൊ റോസ ചാവെസ്, ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധീകരിച്ചു ചടങ്ങില്‍ മുഖ്യകാര്‍മ്മികനായി.

1977 മാര്‍ച്ച് 12-ന് വിശുദ്ധ യൗസേപ്പിതാവിന്റെ നോവേനയുടെ സമാപനം കുറിക്കുന്നതിന് സാന്‍ സാല്‍വദോറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള എല്‍ പൈസ്‌നാല്‍ ഗ്രാമത്തിലേക്ക് തങ്ങളുടെ വാഹനത്തില്‍ പോകുകയായിരുന്ന വൈദികനായ റുത്തീലിയൊ ഗ്രാന്തെയും അത്മായ സഹപ്രവര്‍ത്തകരായിരുന്ന മനുവേല്‍ സൊളോര്‍ത്സനൊയും നെല്‍സണ്‍ റുത്തീലിയൊ ലെമൂസും സായുധരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. ഫാ. റുത്തിലിയൊയും കൂട്ടരും പാവപ്പെട്ടവര്‍ക്കു വേണ്ടി സേവനം ചെയ്യുകയായിരുന്നു.

എല്‍ സാല്‍വദോറിലെ ആഭ്യന്തരകലാപത്തിനിടയിലാണ് 1980-ല്‍ ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ കോസ്മ സ്‌പെസ്സോത്തൊ വധിക്കപ്പെട്ടത്. അദ്ദേഹവും ദരിദ്രര്‍ക്കിടയില്‍ സേവനം ചെയ്തിരുന്നയാളാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org