യഹോവയുടെ സാക്ഷികളും പെന്തക്കോസ്തുകാരും പിന്നെ കല്‍ദായപ്രേമികളും

യഹോവയുടെ സാക്ഷികളും പെന്തക്കോസ്തുകാരും പിന്നെ കല്‍ദായപ്രേമികളും
  • ജെയിംസ് ഐസക്ക്, കുടമാളൂര്‍

കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികള്‍ ഭീകരമായ ബോംബുസ്‌ഫോടനം നേരട്ടത് വലിയ ചര്‍ച്ചാ വിഷയമായി. അയല്‍പക്കത്തുള്ള യഹോവയുടെ സാക്ഷിയായ സ്‌നേഹിതന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ നേരിട്ടു ചെന്നു. കോട്ടയം, കൊല്ലം തുടങ്ങിയ ജില്ലകള്‍ മറ്റൊരു ഏരിയാ ആയതിനാല്‍ ആ കണ്‍വെന്‍ഷനില്‍ സംബന്ധിച്ചില്ല എന്നു പറഞ്ഞു. ആശ്വാസമായി.

സ്‌ഫോടനത്തെ തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങള്‍ യഹോവയുടെ സാക്ഷികളെക്കുറിച്ച് വേണ്ടതിലധികം പരസ്യപ്പെടുത്തുന്നുണ്ട്. എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ ഈ കൂട്ടരെ അറിയാം. കോട്ടയം പുതുപ്പള്ളി പ്രദേശത്ത് ആദ്യമായി ഈ പ്രസ്ഥാനം പ്രചരിപ്പിച്ച റസ്സല്‍ ഔസേപ്പച്ചന്‍ എന്ന വ്യത്യസ്ത വ്യക്തി എന്റെ ഭവനത്തില്‍ പല പ്രാവശ്യം വരികയും പുസ്തകങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകള്‍ ഗ്രേസിയും എന്റെ വീട്ടില്‍ സന്ദര്‍ശക ആയിരുന്നു. മറ്റു ക്രൈസ്തവ സഭകളുമായുള്ള വ്യത്യാസങ്ങള്‍ പലതും ഗ്രഹിച്ചിട്ടുണ്ട്. മാന്യമായ പെരുമാറ്റം ഇവരുടെ പ്രത്യേകതയാണ്. എന്നാല്‍, ദൈവമായി ആരാധിക്കുന്ന യേശുക്രിസ്തുവിനു പൂര്‍ണ്ണ ദൈവത്വം ഇല്ല എന്നു പറയുന്നവരും കത്തോലിക്കര്‍ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന 73 ഗ്രന്ഥങ്ങള്‍ക്കു പകരം 66 ഗ്രന്ഥങ്ങള്‍ മാത്രം വിശുദ്ധ ഗ്രന്ഥമായി സ്വീകരിച്ചവരുമായ യഹോവ സാക്ഷികളുമായി തുറന്ന ചര്‍ച്ച തന്നെ അസാധ്യമാണ്.

മുഖ്യദൂതനായ മിഖായേല്‍ മനുഷ്യരൂപമെടുത്ത് മറിയത്തിന്റെ ഉദരത്തില്‍ ജനിച്ചതാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നവരോടു ക്രൈസ്തവര്‍ക്ക് എന്തു പറയാനുണ്ട്? അര്‍ മാഗ്ഗദോന്‍ മൈതാനത്ത് മിഖായേലിന്റെ സൈന്യവും ലൂസിഫറിന്റെ സൈന്യവും തമ്മില്‍ യുദ്ധം ഉണ്ടാകുമെന്നും അതിനു ശേഷം യേശു ഈ മണ്ണില്‍ രാജ്യം സ്ഥാപിക്കുമെന്നാണ് സാക്ഷികള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കേവലം 1,44,000 പേര്‍ മാത്രം മരിക്കാതെ ദൈവരാജ്യം അവകാശപ്പെടുത്തും. മരണമടഞ്ഞവരില്‍ നീതിമാന്മാര്‍ മാത്രം ഉയിര്‍പ്പിക്കപ്പെടും. നിത്യമായ നരകമോ സ്വര്‍ഗമോ ഇല്ല. 1000 വര്‍ഷം ഭൂമിയില്‍ ക്രിസ്തു ഭരണം നടത്തും. അതിനപ്പുറമൊന്നും സ്ഥാപകനായ ചാള്‍സ് ടേസ് റസ്സലും പിന്‍ഗാമി ദതര്‍ഫോര്‍ടും പറയുന്നില്ല.

കര്‍ശനമായ ചില ജീവിതചര്യകള്‍ക്കു വിധേയരാണു യഹോവായുടെ സാക്ഷികള്‍. മറ്റുള്ളവരില്‍ നിന്നു രക്തം സ്വീകരിക്കുകയോ രക്തം ദാനം ചെയ്യുകയോ ഇല്ല. പന്നിമാംസം ഭക്ഷിക്കയില്ല. മാംസത്തില്‍ രക്തം ഒട്ടും ഇല്ലാതിരിക്കണം. മദ്യപാനം അല്പം ആകാം. മാന്യമായ പെരുമാറ്റവും നല്ല വസ്ത്രധാരണവും നിര്‍ബന്ധം. സിവില്‍ ഭരണകൂടങ്ങളെ അംഗീകരിക്കുന്നില്ല. റേഷന്‍ കാര്‍ഡ് സ്വന്തമാക്കുകയില്ല. ദേശീയ ഗാന ത്തെ ആദരിക്കയില്ല. ദേശീയ പതാക വന്ദിക്കയുമില്ല. സൈനിക സേവനം അനുഷ്ഠിക്കുകയില്ല.

ചില രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രധാന പ്രസിദ്ധീകരണമായ 'വീക്ഷാഗോപുരം' അഖിലാണ്ഡ ഭരണാധികാരിയായ യഹോവയെ വാഴ്ത്തുന്നു എന്ന് അവകാശപ്പെടുന്നു. 3,63,00000 കോപ്പിയാണ് അച്ചടിക്കുന്നത്.

മറ്റു ക്രൈസ്തവരുടെ ദേവാലയങ്ങളില്‍ പ്രവേശിക്കുകയോ പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കുകയോ ചെയ്യാത്ത ഇവര്‍ അവരുമായി സംഭാഷണത്തില്‍ മാത്രം താത്പര്യപ്പെടുന്നു.

കത്തോലിക്കാ സഭ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചു പഠിപ്പിക്കുന്നത് വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തില്‍ തന്നെയാണ്. മക്കബായരുടെ ഗ്രന്ഥത്തില്‍ യഹൂദര്‍ മരിച്ചവര്‍ക്കുവേണ്ടി കര്‍മ്മങ്ങള്‍ നടത്തുന്ന പാരമ്പര്യം ഉള്ളതായി വായിക്കാം. കിംഗ് ജയിംസ് വേര്‍ഷന്‍ എന്ന പ്രോട്ടസ്റ്റന്റ് ബൈബിള്‍ വായിച്ചാല്‍ കത്തോലിക്കാ സഭയുടെ വിശ്വാസ വീക്ഷണങ്ങള്‍ സ്വീകാര്യമായിരിക്കയില്ല. വെള്ളം ഇല്ലാത്തിടത്തു വള്ളം തുഴയാന്‍ സാധിക്കുമോ?

''നിങ്ങള്‍ രക്ഷിക്കപ്പെട്ടവരോ?'' എന്ന ചോദ്യവുമായിട്ടാണ് പെന്തക്കോസ്തുകാര്‍ നമ്മെ സമീപിക്കുന്നത്. ക്രിസ്തു ദൈവമാണെന്നും പരിശുദ്ധ ത്രിത്വത്തില്‍ ഒരാള്‍ എ ന്നും പെന്തക്കോസ്തുകാര്‍ വിശ്വസിക്കുന്നു. എന്നാല്‍ വിശ്വസിച്ചു ജലത്തില്‍ പൂര്‍ണ്ണ സ്‌നാനം ചെയ്യാതെ രക്ഷപ്രാപിക്കുകയില്ല എന്നാണു ഇവരുടെ വാദം. വിശുദ്ധരോടുള്ള പ്രാര്‍ത്ഥനയും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും ഇവര്‍ നിഷേധിക്കുന്നു. ദൈവമാതൃഭക്തി ഇവര്‍ക്കു വിഗ്രഹാരാധനയാണ്. നമുക്കുവേണ്ടി ഇവര്‍ പ്രാര്‍ത്ഥിക്കും.

കത്തോലിക്കരായ നമ്മള്‍ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന മക്കബായര്‍, പ്രഭാഷകന്‍, ജ്ഞാനം എന്നീ ഗ്രന്ഥങ്ങള്‍ നമ്മുടെ വിശ്വാസത്തിന് അടിസ്ഥാനം നല്കുന്നു. യഹൂദര്‍ മരിച്ചവരുടെ ആത്മശാന്തിക്കായി കര്‍മ്മങ്ങള്‍ നടത്തിയിരുന്നു എന്നു മക്കബായര്‍ രണ്ടാം അധ്യായത്തില്‍ വായിക്കാം. ഏലീശ്വാ ദീര്‍ഘദര്‍ശിയുടെ അസ്ഥിയില്‍ സ്പര്‍ശിച്ച ഒരു മരിച്ച പടയാളി ഉയിര്‍ത്തെഴുന്നേറ്റു എന്ന് പ്രഭാഷകനിലും രാജാക്കന്മാരുടെ ഗ്രന്ഥ ത്തിലും വായിക്കുന്നു. വിശുദ്ധരുടെ സമ്പര്‍ ക്കം നിഖ്യാ സൂനഹദോസിന്റെ പ്രബോധനമാണ്. വി. യോഹന്നാന്റെ സുവിശേഷവും ലേഖനങ്ങളും ക്രിസ്തു ദൈവമെന്നു സ്ഥാപിക്കുന്നു. ഇപ്രകാരം വിശുദ്ധ ഗ്രന്ഥവും സഭാ പഠനങ്ങളും സൂക്ഷ്മമായി പഠിക്കുന്ന ഒരു ക്രൈസ്തവനു പെന്തക്കോസ്തുകാരുടെയും യഹോവാ സാക്ഷികളുടെയും വാദങ്ങള്‍ക്കു വഴങ്ങേണ്ടി വരികയില്ല.

വളരെ പരിതാപകരമായ ഒരു പിളര്‍പ്പു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കത്തോലിക്കാ സഭയില്‍ തന്നെ പാരമ്പര്യത്തിന്റെ പേരില്‍ ഒരു കത്തോലിക്കാസഭാവിഭാഗം തന്നെയാണ്. ക്രിസ്തുവിന്റെ ദൈവമാതൃത്വം നിഷേധിച്ചുകൊണ്ട് ഒരു പാഷണ്ഡതായി ആരംഭിച്ച നെസ്‌തോറിയന്‍ പാഷണ്ഡതയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അടുത്തകാലത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതു ജനാഭിമുഖമായിരിക്കണമെന്നു ലത്തീന്‍ സഭ തീരുമാനിച്ചത് കല്‍ദായര്‍ക്കു സ്വീകാര്യമല്ല. അതിന്റെ പേരില്‍ ഒരു രൂപതയില്‍ മുഴുവന്‍ അസ്വസ്ഥതയാണ്. ഇതു കൂടാതെ ക്രൂശിതരൂപം ബഹിഷ്‌കരിക്കാനും വി. കുര്‍ബാനയില്‍ ആര്‍ക്കും മനസ്സിലാകാത്ത പ്രാര്‍ത്ഥനകളും ഗാനങ്ങളും ഉള്‍പ്പെടുത്താനും ചിലര്‍ നിര്‍ബന്ധിക്കുന്നു. ഇതെല്ലാം ഭിന്നതയ്ക്കു വഴിതെളിക്കുന്ന മാര്‍ഗങ്ങള്‍ തന്നെ. വന്‍ കലഹത്തിനു കാരണക്കാരാണ് ഈ കൂട്ടര്‍.

സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിന്റെ ആഗമനം പ്രതീക്ഷിക്കുന്ന ഈ കാലഘട്ടത്തില്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളി ലും വിശിഷ്യാ കത്തോലിക്കാസഭയിലും പൂര്‍ണ്ണമായ സമാധാനം സംജാതമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org