ക്രിസ്ത്യാനികൾക്ക് ഓണമാഘോഷിക്കാമോ?

letter to editor - Can Christians celebrate Onam?
Published on
  • ജോസഫ് ആന്റണി

ബിജു തോമസ് സാര്‍ 2026 ആഗസ്റ്റ് 26-ലെ സത്യദീപം വാരികയില്‍ എഴുതിയ “ക്രിസ്ത്യാനികള്‍ക്ക് ഓണം ആഘോഷിക്കാമോ?” എന്ന ലേഖനം വായിച്ചു. ഏറെ കാലിക പ്രസക്തിയുള്ള ഈ ലേഖനം ക്രൈസ്തവവിശ്വാസവും ഓണം എന്ന മലയാളി സാംസ്കാരിക ഉത്സവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, സാംസ്കാരിക അനുരൂപണത്തിന്റെ (Inculturation) പ്രാധാന്യത്തെക്കുറിച്ചും വളരെ വ്യക്തമായി സമർത്ഥിക്കുന്നു. വിഭാഗീയതകളും സംശയങ്ങളും വർദ്ധിച്ചുവരുന്ന പുതിയ കാലഘട്ടത്തിൽ, സാംസ്കാരിക സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഭംഗിയായി പകർന്നുനൽകുന്ന മികച്ചൊരു ലേഖനമാണിത്.

ചരിത്രപരമായ ആധികാരിക തെളിവുകൾ നിരത്തിക്കൊണ്ടാണ് ബിജു തോമസ് സാര്‍ ക്രൈസ്തവരുടെ ഓണാഘോഷങ്ങളുടെ പാരമ്പര്യം എടുത്തു കാട്ടുന്നത്. പോർച്ചുഗീസ്-ഡച്ച് സഞ്ചാരികളുടെ കുറിപ്പുകൾ, ഡോ. ക്ലൗഡിയുസ് ബുക്കാനന്റെ ‘Christian Researches in Asia’ (1811), സാമുവൽ മേറ്റിരിയലിന്റെ ‘The Land of Charity’ തുടങ്ങി നിരവധി ചരിത്രരേഖകൾ മുൻനിർത്തി കേരളത്തിലെ ക്രൈസ്തവർ നൂറ്റാണ്ടുകളായി ഓണം ആഘോഷിച്ചിരുന്നു എന്ന് സ്ഥാപിക്കുന്നത് ലേഖനത്തിന്റെ ചരിത്രപരമായ മൂല്യം ഉയർത്തുന്നു.

മഹാബലിയുടെ രാജ്യസങ്കല്പവും അപരനുവേണ്ടിയുള്ള ത്യാഗസങ്കല്പവും ക്രിസ്തുവിന്റെ ദൈവരാജ്യസങ്കല്പത്തോടും സുവിശേഷമൂല്യങ്ങളോടും എത്രത്തോളം ചേർന്നുനിൽക്കുന്നു വെന്ന് കൃത്യമായി ഈ ലേഖനത്തില്‍ സമർത്ഥിച്ചിരിക്കുന്നു. ക്രൈസ്തവ സഭയുടെ വളർച്ചയും പാരമ്പര്യവും മറ്റു സംസ്കാരങ്ങളിലെ നന്മകളെ ഉൾക്കൊണ്ടാണ് രൂപപ്പെട്ടതെന്ന് രണ്ടാം വത്തിക്കാൻ കൗൺസില്‍ രേഖകളും ഏഷ്യൻ മെത്രാൻ സമിതി പ്രഖ്യാപനങ്ങളും ഉദ്ധരിച്ച് വിശദമാക്കിയത് തികച്ചും ചിന്തോദ്ദീപകമാണ്.

ഓണം വെറുമൊരു മതപരമായ ചടങ്ങല്ല, മറിച്ച് സാർവ്വദേശീയമായി സ്വീകരിക്കപ്പെടേണ്ട മലയാളികളുടെ ദേശീയോത്സവമാണെന്നും മനുഷ്യമനസ്സുകളിലെ നന്മകളുടെ വിളവെടുപ്പാവണമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. മതസൗഹാർദ്ദവും പരസ്പര ബഹുമാനവും ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനിലും മാനവികതയുടെയും തുറവിയുടെയും സന്ദേശമെത്തിക്കാൻ ഈ ലേഖനത്തിന് സാധിക്കുന്നുണ്ട്.

അർത്ഥവത്തായ ഇത്തരം ആശയങ്ങൾ സമൂഹത്തിലേക്ക് പങ്കുവച്ചതിന് ബിജുതോമസ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

logo
Sathyadeepam Online
www.sathyadeepam.org