ഐക്യത്തിലേക്കുള്ള വചനവഴി

ഐക്യത്തിലേക്കുള്ള വചനവഴി
Published on
  • ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി

സീറോ മലബാര്‍ സഭയില്‍ ഐക്യത്തിനായുള്ള ആഹ്വാനവും വചനാധിഷ്ഠിത നിര്‍ദേശങ്ങളും അവതരിപ്പിച്ചു കൊണ്ടുള്ള റവ. ഡോ. തോമസ് വള്ളിയാനിപ്പുറത്തച്ചന്റെ ലേഖനം (സത്യദീപം, പുസ്തകം 97, ലക്കം 49) സകലരുടേയും പ്രത്യേകിച്ചു സഭാധികാരികളുടേയും സജീവ ശ്രദ്ധയ്ക്കും പരിഗണനയ്ക്കും വിധേയമാകേണ്ടതാണ്. ബ. തോമസച്ചന്‍ സര്‍വസമ്മതനും സര്‍വാദരണീയനും ജ്ഞാനിയും വചനോപാസകനുമായ മേജര്‍ സെമിനാരി ആദ്ധ്യാത്മിക പിതാവുമാണ്. സീറോ മലബാര്‍ സഭയെ അമ്മയെപ്പോലെ സ്‌നേഹിക്കുകയും അമ്മയുടെ കണ്ണുനീരൊപ്പുവാന്‍ സദാ സന്നദ്ധനുമാണ്. സഭയിലെ തര്‍ക്കങ്ങളുടെ ആരംഭത്തില്‍ 'കേരള സഭയിലെ മുറിവുകള്‍' (സത്യദീപം, പുസ്തകം 95, ലക്കം 46) എന്ന ലേഖനം വഴി സഭയിലെ മുറിവുകള്‍ ഉണക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സഭ മുഴുവന്റേയും ആഗ്രഹവും പ്രതീക്ഷയും പ്രത്യാശയും ഐക്യമാണ്. പരിശുദ്ധ പിതാവിന്റേയും തിരുസംഘത്തിന്റേയും ആഗ്രഹവും ഐക്യംതന്നെ. അടുത്തകാലത്തു സഭാ പിതാക്കന്മാരും അല്‍മായ പ്രമുഖരുമായുണ്ടായ അഭിമുഖത്തിലും പരി. പിതാവ് നല്കിയ സന്ദേശസംഗ്രഹവും ഐക്യമാണല്ലോ. ഐക്യത്തിനു വിരുദ്ധമായുള്ള എല്ലാത്തിനേയും പരി. പിതാവു അപലപിക്കുന്നു. മഹറോന്റേതായ നയപരിപാടി സഭയെ ഛിന്നഭിന്നമാക്കിയ ചരിത്രത്തിന്റെ നേരെ കണ്ണടയ്ക്കരുത്. പാരമ്പര്യത്തിന്റേതായ മാറാപ്പു വച്ചുകെട്ടി ഈ മനോഹരസഭയെ വൈകൃതമാക്കി വെട്ടിനുറുക്കുന്ന പ്രവണതയ്ക്ക് അടിമയാകാതെ ബ. തോമസച്ചനെപ്പോലെ സഭാ സ്‌നേഹിയും സമ്പന്ന മാനസ്സരുമായ മഹദ്‌വ്യക്തികളുടെ പരിശുദ്ധാത്മ പ്രചേദിതമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യമായ വിനയവും വിവേകവും ബന്ധപ്പെട്ട സകലര്‍ക്കും ഉണ്ടാകട്ടെ. അങ്ങനെ നാളുകളായി കാര്‍മേഘാവൃതമായിരിക്കുന്ന സഭാന്തരീക്ഷം ഐക്യത്തിന്റേയും കൂട്ടായ്മയുടേതുമായ പ്രകാശത്താല്‍ പ്രശോഭിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org