ഇനി ഇപ്പോള്‍ എന്താ ചെയ്ക?

ഫാ. ലൂക്ക് പൂത്തൃക്കയില്‍
ഇനി ഇപ്പോള്‍ എന്താ ചെയ്ക?

കത്തോലിക്കാസഭയ്ക്ക് പ്രത്യേകിച്ചും കേരളസഭയ്ക്ക് എല്ലാവിധ അടിസ്ഥാന സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ട്. സഭയുടെ സമ്പത്ത് പള്ളികള്‍, സ്ഥാപനങ്ങള്‍ , കെട്ടിടങ്ങള്‍, ഹാളുകള്‍, പ്രസ്ഥാനങ്ങള്‍, സംരംഭങ്ങള്‍ ഒക്കെയാണെന്നു ധരിച്ചു നാം അവയെല്ലാം നിര്‍മ്മിക്കുകയും വാരിക്കൂട്ടുകയും ചെയ്തു. പക്ഷേ, കേരളസഭ ഇക്കാലയളവില്‍ ക്ഷീണിച്ചിടത്തോളം മറ്റൊരിടത്തും, മറ്റൊരു സഭയിലും ഉണ്ടായിട്ടില്ല. ഐക്യമില്ലായ്മ, സംഖ്യാബലക്കുറവ്, അമിതമായ ദൈവശാസ്ത്രവത്കരണം, സാമ്പത്തിക സ്രോതസ്സുകള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകള്‍, നേതൃത്വശേഷിക്കുറവ്, നൈയാമികതയില്‍മാത്രം ഊന്നിയ പ്രവര്‍ത്തനങ്ങള്‍, പാരമ്പര്യ കീഴ്‌വക്കങ്ങളോടുള്ള ക്രമംവിട്ട താത്പര്യങ്ങള്‍, ദീര്‍ഘവീക്ഷണക്കുറവും കാലത്തിന്റെ ചുവരുകള്‍ വായിക്കാനുള്ള അറിവുകുറവും, പാവങ്ങളോടു പക്ഷംപിടിക്കാനുള്ള വൈമുഖ്യം, നേതൃത്വധാര്‍ഷ്ട്യങ്ങള്‍, സ്വന്തം റീത്തിനോ രൂപതയ്‌ക്കോവേണ്ടിയുള്ള അമിത തീക്ഷ്ണത തുടങ്ങിയവയെല്ലാം സഭയെ ഞെരുക്കി, തളര്‍ത്തി, ചുരുക്കി.

സഭയുടെ വളര്‍ച്ച ജനത്തിന്റെ അംഗബലത്തിലുള്ള വളര്‍ച്ചയെന്ന ചിന്ത ആര്‍ക്കും ഇല്ലാതെ പോയി. വൈകിപ്പോകുന്ന വിവാഹങ്ങള്‍, മക്കളുണ്ടാകാത്ത വന്ധ്യതാവസ്ഥ, മക്കള്‍ ഒന്നോ രണ്ടോ മതിയെന്നുള്ള ചിന്ത, ക്രമംവിട്ട സുഖലോലുപത, ആഡംബരകാര്യങ്ങളിലുള്ള താത്പര്യവര്‍ദ്ധനവ് ഇവയെല്ലാം കേരളസഭയെ തളര്‍ത്തി. അടിസ്ഥാന ദൗത്യവും ഉത്തരവാദിത്വവുമായി സുവിശേഷവത്കരണത്തിനു പ്രാധാന്യം നല്കാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കുള്ള ചായ്‌വ് വര്‍ദ്ധിച്ചതും കാരണമായി. ജീവിക്കുന്ന ചുറ്റുപാടിലുള്ള സാക്ഷ്യത്തിനു അമിത പ്രാധാന്യം നല്കിയതു സുവിശേഷവേലയുടെ പ്രചാരണത്തില്‍ നിന്നു മാറി നില്‍ക്കാനുള്ള പ്രവണത ഉണ്ടാക്കി. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പേരില്‍ സഭ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മടിയും ഉത്സാഹക്കുറവും സംഭവിച്ചുകൊണ്ടിരിക്കുന്നു. പണം, ജോലി, പഠനം, വിദേശജീവിതം തുടങ്ങിയവ ക്രൈസ്തവന്റെ തലയ്ക്കുമത്തുപിടിച്ചിരിക്കുകയാണ്. നാട്ടില്‍ ഒരു ജോലിക്കുവേണ്ടി മെനക്കെടാതെ വിദേശങ്ങളിലേക്കു കുടിയേറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കേരളത്തിലെ/ഭാരതത്തിലെ സംവരണ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ക്രൈസ്തവര്‍ക്കു അനുകൂലമല്ലെന്നു മാത്രമല്ല അതിനെതിരെ പ്രതിഷേധിക്കാനുള്ള ധൈര്യവും ആള്‍ബലവും ഇല്ലാതെപോയി. സഭ കെട്ടിപ്പടുത്ത സ്ഥാപനങ്ങളും വ്യക്തികള്‍ അദ്ധ്വാനിച്ചു നേടിയെടുത്ത ഭവനങ്ങളും ഭൂമിയുമെല്ലാം വിട്ടെറിഞ്ഞു പോകേണ്ട അവസ്ഥ വര്‍ദ്ധിക്കുകയാണ്.

ക്രൈസ്തവര്‍ ജാഗരൂകരായിരിക്കാനും, ഉത്തരവാദിത്വപ്പെട്ടവരാകാനും, ക്രൈസ്തവ സംസ്‌കാരത്തിന്റെ നിലനില്പിനു വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാകേണ്ടിയിരിക്കുന്നു. വിവാഹപ്രായം 22-23 ആക്കുവാനും മക്കളെ ജനിപ്പിക്കുവാനും തയ്യാറാകാതെ വേറെ ഏതു പ്രവര്‍ത്തനം നടത്തിയാലും ക്രൈസ്തവസഭയുടെ ഭാവിക്കു പ്രയോജനപ്പെടുകയില്ല.

കേരളം ഒരു ലബനോന്‍ ആകാതിരിക്കാനും, സിറിയയും അഫ്ഗാനിസ്ഥാനും ആകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org