
ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍, കാലടി
എന്റെ ദൈവം കത്തോലിക്കനല്ല എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കിയ ഔസേപ്പച്ചന്‍ തടിക്കടവിലിന് എളിയവനായ ദേവസ്സിക്കുട്ടി മുളവരിക്കലിന്റെ ബിഗ് സല്യൂട്ട്. യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട കത്തോലിക്ക ദൈവത്തെ ഏറ്റു പറയാന്‍ യാഥാസ്ഥിതികനെന്ന് താങ്കള്‍ മുദ്രകുത്തിയ എനിക്ക് വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖകളേക്കാളും ബാലചന്ദ്രന്‍ മങ്ങാടിന്റെ വാക്കുകളേക്കാളും വിശ്വാസയോഗ്യവും ആധികാരികവും സ്വീകാര്യവും യേശുവിന്റെ പ്രബോധനങ്ങളും സുവിശേഷവുമാണ്.
''അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു'' എന്ന് യേശു ചൂണ്ടിക്കാണിച്ച ഏശയ്യാ പ്രവചനം (മത്തായി 15:9) സകലരും ഓര്‍ക്കുന്നത് നല്ലതാണ്. ഫ്രാന്‍സിസ് പാപ്പയ്‌ക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ 'എന്റെ ദൈവം കത്തോലിക്കനല്ല' എന്ന ആരോപണത്തോടു മാത്രം വിയോജിച്ച എന്നെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നവരുടെ ഗണത്തില്‍പ്പെടുത്തിയത് അനുചിതമായിപ്പോയെന്ന് പറയാതെ വയ്യ.
ഔസേപ്പച്ചന്‍ വായിച്ച വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖയിലെ വിവരങ്ങളും വിവരണങ്ങളും പ്രഖ്യാപനങ്ങളും രണ്ടായിരം വര്‍ഷം മുമ്പ് യേശുക്രിസ്തു പഠിപ്പിച്ച സുവിശേഷത്തിന്റെ ഓര്‍മ്മപ്പെടുത്തലും ചൂണ്ടിക്കാണിക്കലും തിരിച്ചറിവുകളുമായിരുന്നു എന്നതാണ് വസ്തുത. യഥാര്‍ഥ സത്യദൈവത്തെ കണ്ടെത്താന്‍ കൗണ്‍സില്‍ രേഖകളല്ല ക്രിസ്തുവിനെയും സുവിശേഷത്തെയുമാണ് വിശ്വാസികള്‍ ശരിയായി വായിക്കേണ്ടതും അന്വേഷിക്കേണ്ടതും ആശ്രയിക്കേണ്ടതും.
ത്രിയേകദൈവത്തിലെ പുത്രന്‍ തമ്പുരാനായ യേശുക്രിസ്തുവിന്റെ ദൈവികസത്തയില്‍ വിശ്വസിക്കുന്ന ഒരു കത്തോലിക്കനും എന്റെ ദൈവം കത്തോലിക്കനല്ല എന്ന് പറയുന്നില്ല. തന്നില്‍ വിശ്വസിക്കാത്തവര്‍ക്ക് പുറത്തു പോകാം എന്ന് യേശു പറഞ്ഞപ്പോള്‍ ആദ്യത്തെ മാര്‍പാപ്പയായ പത്രോസ് ചോദിച്ചു: ''കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും. നിത്യജീവന്റെ വചനം നിന്റെ പക്കലാണല്ലോ. നീയാണ് ദൈവത്തിന്റെ പരിശുദ്ധന്‍'' (യോഹ. 6:68).
ഇതാണ് ക്രിസ്ത്യാനിയുടെ വിശ്വാസം. ഫ്രാന്‍സിസ് പാപ്പ നല്കിയ അഭിമുഖത്തില്‍ യേശുവിനേയും ദൈവത്തേയും വേറിട്ട, വ്യത്യസ്തരായ രണ്ടാളുകളായിട്ടാണ് പാപ്പ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം ദൈവം, ആബാപിതാവും പ്രകാശവും സൃഷ്ടാവുമാണെന്ന് പാപ്പ തന്നെ നിര്‍വചിക്കുകയും സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
പാപ്പ പറയുന്ന പിതാവും പ്രകാശവും സൃഷ്ടാവുമായ ദൈവത്തെ യേശുക്രിസ്തുവിലല്ലാതെ മറ്റാരിലും ലോകത്തിന് ദര്‍ശിക്കാനാവുകിയല്ല എന്നത് തര്‍ക്കമറ്റൊരു ചരിത്രവസ്തുതയാണ്. ഞാനും പിതാവും ഒന്നാണെന്നും ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നുവെന്നും സമസ്തവും അവനിലൂടെ ഉണ്ടായി; ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നും യോഹന്നാന്റെ സുവിശേഷം അസന്ദിഗ്ധമായി വെളിപ്പെടുത്തിയ വസ്തുത വിശ്വാസികള്‍ ഒരിക്കലും മറക്കരുത്.
ഭാരതത്തിന്റെ അപ്പസ്‌തോലനും ക്രിസ്തുശിഷ്യനുമായ മാര്‍ത്തോമ്മാ ശ്ലീഹാ ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ തിരുവിലാവിലും പാര്‍ശ്വത്തിലും കൈവിരലുകള്‍ സ്പര്‍ശിച്ച് ഉള്ളുനൊന്ത് ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'' എന്ന് വിളിച്ച് യേശുവിനെ ദൈവമായി ആരാധിക്കാനാണ് നമ്മളെ പഠിപ്പിച്ചത്. വചനമായ ദൈവം മാംസമായി, യേശുവായി നമ്മുടെയിടയില്‍ വസിച്ചതുകൊണ്ട് യേശുവിനെ മനുഷ്യനായി മാത്രം കാണാനാവില്ല. പഠിപ്പിച്ച കാര്യങ്ങളും അങ്ങനെതന്നെ. മനുഷ്യരുടെ ദൈവവും ദൈവത്തിന്റെ മനുഷ്യനുമായ ക്രിസ്തുവിനെ തിരിച്ചറിയുക ഏതൊരു വിശ്വാസിയുടേയും ആത്മീയമായ ആവശ്യമാണ്.