
ജോസഫ് കൈപ്രന്‍പാടന്‍
ലോകം ആണവയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ ആര് പറത്തും. മധ്യസ്ഥം സ്ഥാപിക്കാന്‍ പോലും ധാര്‍മ്മികശേഷി അവശേഷിപ്പിച്ചിട്ടുള്ള ലോക രാജ്യങ്ങളുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തങ്ങളുടെ കയ്യിലുള്ള ആണവശേഷി ഇറാന്‍ എന്ന സ്വതന്ത്ര്യരാജ്യത്തിന് കൈവരിക്കാന്‍ അര്‍ഹതയില്ലെന്ന അമേരിക്കന്‍ പൊലീസ് നിലപാട് യുദ്ധത്തിന്റെ കാര്‍മേഘത്തെ ലോകാകാശത്ത് പടര്‍ത്തിയിട്ടുണ്ട്.
ഉക്രെയ്ന്‍ എന്ന കടുകുമണി രാജ്യത്തിന്റെ അതിര്‍ത്തികളിലേക്ക് സൈനിക നടപടിയുമായി കുരച്ചെത്തുന്ന റഷ്യയുടെ ധാര്‍മ്മികപാപ്പരത്തവും വ്യക്തമാണ്. ഈ ഇരുട്ടിലേക്കാണ് സമാധാനത്തിന്റെ ഒലിവിലയുമായി ആര് പറന്നു വരുമെന്ന് ലോകം ഉറ്റനോക്കുന്നത്?
സംഭാഷണമാണ് തുടര്‍പ്രക്രിയയായി ആരംഭിക്കേണ്ടത് (ഡയലോഗ് - Vat II). അടുത്തിരിക്കാനും അനുകമ്പയോടെ സംസാരിക്കാനും ഹൃദയങ്ങളെ തൊടുന്ന പ്രശ്‌നങ്ങളെ അഹങ്കാരമില്ലാതെ സംബോധന ചെയ്യുവാനും മഹാത്മാഗാന്ധിയെപ്പോലെ,
ലിങ്കനെപ്പോലെ, മണ്ടേലയെപ്പോലെ മഹത്‌വ്യക്തിത്വങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. തീ ആളിക്കത്തിച്ച് വിദ്വേഷത്തിന്റെ പട്ടടയില്‍ അണികളെയൊന്നാകെ നശിപ്പിച്ച് കളയുന്നവനെ ചരിത്രം അടയാളപ്പെടുത്തുക ഇരുണ്ടകാലത്തിന്റെ നരകസന്തതിയായിട്ടായിരിക്കും.
നേതൃത്വത്തിന് ഉത്തരവാദിത്വബോധമുണ്ടാകണം. കിറുക്കും കോമാളിത്തരവും ഈഗോയുമായി കളം നിറയുന്ന ലോകനേതാക്കളുടെ വിഡ്ഢിച്ചിരിയില്‍ വെന്തുരുകുന്നത് സാധാരണക്കാരന്റെ ചെറിയ സ്വപ്നങ്ങളും കൊച്ചുകുടുംബങ്ങളും എളിയ വിശ്വാസങ്ങളുമാണ്. അന്ധര്‍ അന്ധരെ നയിക്കാതിരിക്കട്ടെ.