മുറിവുണക്കണം, മറക്കരുത്

മുറിവുണക്കണം, മറക്കരുത്
  • കേ എം ദേവ്, കരുമാല്ലൂര്‍

2024 ഫെബ്രുവരി 7-ലെ സത്യദീപത്തില്‍ 'മുറിവുണക്കണം, മറക്കരുത്' എന്ന ശീര്‍ഷകത്തില്‍ വന്ന എഡിറ്റോറിയല്‍ വായിച്ചു. സഹോദര സഭാംഗങ്ങളായ ലത്തീന്‍ സമുദായത്തെ പ്രസംഗത്തിലൂടെ അവഹേളിച്ചുവെന്നും അത് നാക്കുപിഴയോ വാക്കുപിഴയോ ആയി കണ്ട് വിവേകത്തോടെ ഉടന്‍ തിരുത്തണമെന്നും അഭിവന്ദ്യ തട്ടില്‍ പിതാവിനോട് അഭ്യര്‍ത്ഥിച്ചതായി കണ്ടു.

എ ഡി 52-ല്‍ ക്രിസ്തുശിഷ്യനായ വി. തോമാശ്ലീഹാ കേരളത്തില്‍ വന്നെന്നും, കേരള ക്രൈസ്തവ സഭയുടെ ഉത്ഭവം തോമാശ്ലീഹായാലാണ് നടന്നിട്ടുള്ളതുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. പേര്‍ഷ്യാ സാമ്രാജ്യത്തിലെ മിക്ക പള്ളികളും തോമാശ്ലീഹായാല്‍ സ്ഥാപിതമായതാണ് എന്നതിനാലും, ഇന്ത്യന്‍ സഭയും പേര്‍ഷ്യന്‍ സഭയും തമ്മില്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നതുവഴി കല്‍ദായ സഭയുമായി ഭരണകാര്യങ്ങള്‍ നിര്‍വഹിക്കപ്പെട്ടിരുന്നതിനാലും, ഇന്ത്യന്‍ സഭയുടെ ഉത്ഭവവും തോമാശ്ലീഹാ വഴിയാണെന്ന വിശ്വാസസത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് (The Catholic Directory of India, New Delhi, Page 30).

സത്യം ഇതാണെന്നിരിക്കെ, 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ, ലത്തീന്‍ മിഷണറിമാര്‍ വരികയും, മാര്‍ തോമാ ക്രിസ്ത്യാനികളില്‍ മതനിന്ദ ആരോപിച്ച് ലത്തീന്‍ പക്ഷത്തേക്ക് അവരെ ചേര്‍ക്കുകയും അതോടെ ക്രൈസ്തവ സഭയുടെ ഭരണം ലത്തീന്‍ മെത്രാന്മാരുടെ കീഴിലാക്കുകയും ചെയ്തു. എന്നാല്‍ 1653-ല്‍ മട്ടാഞ്ചേരി കൂനന്‍ കുരിശു പ്രഖ്യാപനത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ ലത്തീന്‍ ഭരണത്തെ എതിര്‍ത്തു. അങ്ങനെ മാര്‍ തോമാ ക്രിസ്ത്യന്‍ സഭ രണ്ടായി. ലത്തീന്‍ മെത്രാന്മാരുടെ ഭരണത്തില്‍ തുടര്‍ന്ന പള്ളികളും വിശ്വാസികളുമാണ് പിന്നീട് സീറോ മലബാര്‍ സഭയായി അറിയപ്പെട്ടത്. തെറ്റിപ്പിരിഞ്ഞവര്‍ സിറിയന്‍ യാക്കോബായ സഭയായി തുടര്‍ന്നു. 1911 ല്‍ അത് വീണ്ടും പിളരുകയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഉടലെടുക്കുകയും ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം 1930-ല്‍ മാര്‍പാപ്പയെ അംഗീകരിക്കുകയും 'മലങ്കര കത്തോലിക്ക സഭ' എന്ന പേരില്‍ വത്തിക്കാന്റെ കീഴിലാവുകയും ചെയ്തു.

ക്രിസ്ത്യന്‍ സഭകളുടെ ഐക്യരാഹിത്യത്തിന്റെ ഗതിവിഗതികള്‍ തുടങ്ങുന്നതിങ്ങനെ.

ആഗോള മാനവരാശിയില്‍ സിംഹഭാഗവും ക്രിസ്ത്യാനികളായിരുന്നിട്ടും, ഒരാട്ടിന്‍ കൂട്ടവും ഏക ഇടയനും എന്ന ആശയത്തെ സ്വപ്‌നം കാണാന്‍ പോലും ഇന്നു നമുക്കാവുന്നില്ല. ഭിന്ന ആശയങ്ങളുടെ പേരില്‍ വിഭജിക്കപ്പെട്ട വിവിധ സഭാ സമൂഹങ്ങളില്‍, കത്തോലിക്ക വിഭാഗത്തിലെ സഹോദര സഭകളെപ്പോലും സോദരത്വേന സ്‌നേഹിക്കാനോ അവരെ ചേര്‍ത്തുപിടിക്കാനോ നമുക്കാവുന്നില്ല എന്നതല്ലേ സത്യം. ലത്തീന്‍ ദേവാലയത്തിലെ ദിവ്യബലിയില്‍ സംബന്ധിച്ചാല്‍, 'വീട്ടില്‍ ആഹാരമുള്ളപ്പോള്‍ ഹോട്ടലില്‍ നിന്ന് ഭക്ഷിക്കുന്നതെന്തിന്' എന്ന് പരിഹസിക്കുന്ന പുരോഹിത ഗണം നമ്മുടെ ഇടയിലില്ലേ? മാര്‍പാപ്പ തലത്തിലുള്ള ചിരകാല പരിശ്രമങ്ങള്‍ പോലും വിഫലമായതല്ലേ നമ്മുടെ അനുഭവം.

എന്തിനേറെ പറയുന്നു: വര്‍ഷങ്ങള്‍ക്കു മുമ്പ് 2014 ഒക്‌ടോബര്‍ 1 ലെ സത്യദീപത്തില്‍ വന്ന ഒരു ലേഖനം ഓര്‍ക്കുന്നു. 'മാര്‍തോമയുടെ മാര്‍ഗവും പത്രോസിന്റെ മാര്‍ഗവും' എന്ന ശീര്‍ഷകത്തില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു വൈദീകന്റെ ലേഖനം. പത്രോസിന്റെ പിന്‍ഗാമിയെന്ന സ്ഥാനം ഇന്ന് മാര്‍പാപ്പ നിര്‍വഹിക്കുന്നതുപോലെ, തോമായുടെ പിന്‍ഗാമിയായി മറ്റൊരു മാര്‍പാപ്പ വേണം എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

വിഭാഗീയ ചിന്തകള്‍ക്ക് ഉപോല്‍ബലകമായി കാണിക്കുവാന്‍ ഇതിലുപരി മറ്റെന്തുവേണം? അദ്ദേഹത്തെ അത്തരത്തില്‍ ചിന്തിച്ചിച്ചതിന്റെ പിന്നിലെ പ്രേരക ശക്തിയെന്ത്? യഥാര്‍ത്ഥ ഇടയന്റെ മണമറിയാത്ത ആട്ടിന്‍പറ്റങ്ങളാണോ ഇന്നു നമ്മള്‍?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org