ഒപ്പം നടക്കുന്നവരോ? ഒറ്റു കൊടുക്കുന്നവരോ?

ഒപ്പം നടക്കുന്നവരോ? ഒറ്റു കൊടുക്കുന്നവരോ?
  • മേരിക്കുട്ടി ചക്കാലക്കല്‍, എറണാകുളം

മാര്‍പാപ്പ പുറംതിരിഞ്ഞ് നിന്ന് ബലിയര്‍പ്പിക്കുന്നുണ്ടോ? തിരിഞ്ഞ് നില്ക്കാത്തവര്‍ക്ക് സ്വര്‍ഗമില്ലെന്ന് ഈശോ പറഞ്ഞിട്ടുണ്ടോ, മാര്‍പാപ്പ പറഞ്ഞിട്ടുണ്ടോ? ക്രൂശിതരൂപം പള്ളികളില്‍ നിന്ന് എടുത്ത് മാറ്റാന്‍ പറഞ്ഞിട്ടുണ്ടോ? ചുവപ്പ് നിറത്തിലുള്ള വിരിയിട്ട് പൂട്ടാന്‍ പറഞ്ഞിട്ടുണ്ടോ?

വിശ്വാസ പരിശീലനമൊന്നും കൊടുക്കാതെ, കുഞ്ഞുമക്കള്‍ക്ക് മാമ്മോദീസായോടൊപ്പം വി. കുര്‍ബാനയും സ്ഥൈര്യലേപനവും ശിശുവായിരിക്കുമ്പോള്‍ തന്നെ കൊടുക്കാന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ടോ? വിഭൂതി ബുധന്‍, തിങ്കളാഴ്ച ആചരിക്കാനും മരിച്ചവരുടെ ഓര്‍മ്മ ദിവസം നവംബര്‍ രണ്ടാം തീയതിയില്‍ നിന്ന് മാറ്റാനും പറഞ്ഞിട്ടുണ്ടോ?

വി. ബലിയില്‍ കൂദാശ പരികര്‍മ്മ സമയത്ത് മുട്ടുകുത്തി ആരാധിക്കാന്‍ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ?

വിശുദ്ധര്‍ ബലിയര്‍പ്പിച്ച ബലിവേദി മറിച്ചിട്ടവരെ ആദരിക്കാന്‍ പറഞ്ഞിട്ടുണ്ടോ?

മാര്‍പാപ്പ പറയാത്തതും ചെയ്യാത്തതുമായ പ്രവര്‍ത്തികളൊക്കെ വിശ്വാസികളുടെമേല്‍ അടിച്ചേല്‍പിക്കുന്നവര്‍ 'നിന്റെ രാജ്യം വരേണമേ' എന്ന് അധരം കൊണ്ട് പ്രാര്‍ത്ഥിക്കുകയും, പ്രവര്‍ത്തിയില്‍ തങ്ങളുടെ സ്വന്തം രാജ്യം നടപ്പാക്കുന്നതുമായല്ലേ ഇക്കാലത്ത് സാധാരണവിശ്വാസികള്‍ക്ക് അനുഭവപ്പെടുന്നത്?

പാരമ്പര്യതര്‍ക്കത്തിന് വന്നവര്‍ക്കും ഉപവാസതര്‍ക്കം ഉന്നയിച്ചവര്‍ക്കും സാബത്തില്‍ രോഗശാന്തി നല്‍കുന്നതിനെ വിമര്‍ശിച്ചവര്‍ക്കുമൊക്കെ മറുപടിയായി യേശുനാഥന്‍ അരുള്‍ചെയ്ത തിരുവചനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ എന്ത് പ്രസക്തി?

സീറോ മലബാര്‍ സഭ വിശ്വാസികളെ പാരമ്പര്യത്തിന്റ പേരു പറഞ്ഞ് പോരടിപ്പിച്ച് 'വെടക്കാക്കി തനിക്കാക്കാനുള്ള' ഗൂഡ ലക്ഷ്യവുമായി പറുദീസായില്‍ കയറിയ സാത്താന്റെ പുതിയ രൂപഭാവത്തിലുള്ള പല പുറം സംഘടനകളുടെയൊക്കെ അമിതവ്യഗ്രതകളും ഇടപെടലുകളുമൊക്കെ സഭാവിശ്വാസികള്‍ക്കുള്ള ചില മുന്നറിയിപ്പുകളല്ലേ?

അനുസരിക്കാന്‍ അരുളിചെയ്ത കര്‍ത്താവ് തന്നെ വിവേകമതികളായിരിക്കാനും ജാഗരൂകരായിരിക്കാനും അരുളിയിട്ടുണ്ടല്ലോ.

യേശുവിനൊപ്പം, മാര്‍പാപ്പയ്‌ക്കൊപ്പം, സഭയ്‌ക്കൊപ്പം എന്നെല്ലാം അവകാശവാദം പറഞ്ഞ് വിശ്വാസികളെയും വൈദീകരെയും സന്യസ്തരെയുമെല്ലാം മനഃപൂര്‍വം വഞ്ചിച്ച്, തമ്മിലടിപ്പിച്ച്, സാഹോദര്യം, സൗഹൃദം എല്ലാം തകര്‍ത്ത് പള്ളികളും സെമിനാരികള്‍ വരെ പൂട്ടിച്ചിട്ട് ലത്തീന്‍ പള്ളിയിലെ ആരാധനകളിലും വിശുദ്ധ ബലിയിലും പങ്കെടുക്കുന്നവര്‍ക്കാണോ സ്വര്‍ഗം?

സ്വര്‍ഗത്തിന്റ താക്കോല്‍ ഇപ്പോള്‍ ചില യൂട്യൂബര്‍മാര്‍ കൈവശമാക്കിയിരിക്കുകയാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org