വിശ്വാസികള്‍ ആരെ അനുസരിക്കണം?

ജെയിംസ് ഐസക്ക്, കുടമാളൂര്‍
വിശ്വാസികള്‍ ആരെ അനുസരിക്കണം?

ദീപിക പത്രത്തില്‍ 'സീറോ മലബാര്‍ കുര്‍ബാനയുടെ ചരിത്രവഴികള്‍' എന്നൊരു വിശദീകരണ ലേഖനം കണ്ടു. ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറിയാണു ലേഖകന്‍.

തോമാശ്ലീഹായുടെ പേരില്‍ നമുക്ക് ഒരു ആരാധനക്രമം ഇല്ല. അഞ്ചാം നൂറ്റാണ്ടിനു ശേഷം കല്‍ദായര്‍ കൊണ്ടു വന്ന ആരാധനക്രമം ഇവിടെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിച്ചു. മാര്‍ അദ്ദായി, മാര്‍ മാറി, തിയോഡോര്‍ നെസ്‌തോര്‍ എന്നിവരുടെ പേരിലുള്ള അനാഫൊറകള്‍ നാം പിന്‍തുടര്‍ന്നതായി ലേഖനത്തില്‍ കാണുന്നു. എന്നാല്‍ 16-ാം നൂറ്റാണ്ടു മുതല്‍ ഉണ്ടായ പശ്ചാത്യബന്ധത്തെ തുടര്‍ന്നു പൗരസ്ത്യക്രമങ്ങള്‍ നാം ഉപേക്ഷിച്ചു. എങ്കിലും വി. പത്രോസിന്റെ പിന്‍ഗാമിയായ റോമിലെ മാര്‍പാപ്പയാല്‍ ഭരിക്കപ്പെടുവാനും പാശ്ചാത്യ സഭയുടെ ലിറ്റര്‍ജിയുമായി ബന്ധപ്പെട്ട ഒരു സുറിയാനി ആരാധനക്രമം നമുക്കു ലഭിക്കുകയും ചെയ്തു. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ആരാധനക്രമ സംബന്ധമായ തര്‍ക്കങ്ങള്‍ കൂടാതെ നാം മുന്നോട്ടുപോയി. 1923-ല്‍ എറണാകുളം രൂപത അതിരൂപതയായതു മുതല്‍ എല്ലാ പിതാക്കന്മാരും പരസ്പര മത്സരം കൂടാതെ സമാധാനമായി തുടര്‍ന്നു. 1956-ല്‍ ചങ്ങനാശ്ശേരി കൂടി അതിരൂപത ആയപ്പോല്‍ മുതല്‍ മുന്‍പ് ഇല്ലാതായ കല്‍ദായവാദം തല ഉയര്‍ത്തി. ഇപ്പോള്‍ സഭയുടെ പിളര്‍പ്പുവരെ പ്രതീക്ഷിക്കാവുന്ന വിധം ഭിന്നത വളര്‍ന്നിരിക്കയാണ്.

റീത്ത് അടിസ്ഥാനമായുള്ള കലഹം ക്രിസ്തുചൈതന്യത്തിനു നിരക്കുന്നതല്ല. വത്തിക്കാന്‍ കൗണ്‍സിലില്‍ ആരംഭിച്ച ജനാഭിമുഖ കുര്‍ബാന രീതി ഒരുപക്ഷേ, ലൂതറിന്റെ പ്രോട്ടസ്റ്റന്റ് വിപ്ലവത്തിന്റെ അനന്തരഫലം ആയിരിക്കാം. പക്ഷേ, അതാണു പെസഹാ തിരുനാള്‍ മുതല്‍ ക്രൈസ്തവ ജനം ആചരിച്ചത്. യഹൂദരുടെ മൃഗബലിയും കിഴക്കോട്ടു തിരിഞ്ഞു നിന്നുള്ള അനുഷ്ഠാനങ്ങളും ബോധപൂര്‍വ്വം വിശ്വാസികള്‍ ബഹിഷ്‌കരിച്ചു. എന്നാല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി രാജകീയ മതമാക്കി മാറ്റിയതിനാല്‍ വീണ്ടും പുരോഹിതനും ജനവും കിഴക്കോട്ടു നോക്കി ആരാധിക്കുന്ന പതിവ് തുടങ്ങി. കല്‍ദായര്‍ മാത്രമല്ല മറ്റു പൗസ്ത്യസഭകളും ഈ രീതി സ്വീകരിച്ചിരിക്കാം. എന്നാല്‍ പുരോഗമന ചിന്തയുള്ള ഇന്നത്തെ തലമുറ ജനാഭിമുഖ രീതി ആഗ്രഹിക്കുന്നുവെങ്കില്‍ സഭാ തലവന്മാര്‍ എന്തിനു കടുംപിടുത്തം തുടരണം? ലോകമെങ്ങുമുള്ള പാശ്ചാത്യ സഭാ വിശ്വാസികള്‍ സ്വീകരിച്ചിരിക്കുന്ന ജനാഭിമുഖ കുര്‍ബാന തന്നെ സീറോ മലബാര്‍ സഭയിലും വേണം എന്ന് ആവശ്യപ്പെടുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. സഹന സമരം തുടരുക തന്നെ വേണം.

എറണാകുളം അങ്കമാലി അതിരൂപതാദ്ധ്യക്ഷനും ഫരിദാബാദ് രൂപതാദ്ധ്യക്ഷനും ഇരിങ്ങാലക്കുട രൂപതാജനവും തീരുമാനിച്ചതുപോലെ ജനാഭിമുഖ രീതി തുടരുന്നതാണു സമാധാനത്തിന്റെ മാര്‍ഗ്ഗം. കല്‍ദായ സഭയില്‍ പോലും സംഭവിച്ച മാറ്റങ്ങള്‍ നാം അവഗണിച്ചുകൂടാ.

കോവിഡ് കാലഘട്ടം മുലം ദേവാലയത്തില്‍ പോകാതെ കഴിയുന്ന അനേകായിരം പേര്‍ ഇന്നു ടി.വിയില്‍ കാണുന്ന ജനാഭിമുഖ കുര്‍ബാനയില്‍ സംതൃപ്തരാണ്. ജനാഭിലാഷം പഠിക്കാന്‍ നമ്മുടെ സഭാദ്ധ്യക്ഷന്മാര്‍ക്ക് മനസ്സുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സാര്‍വ്വത്രിക സഭയുടെ പരമാദ്ധ്യക്ഷന്‍ റോമിലെ മാര്‍പാപ്പയാണല്ലോ. വ്യക്തിസഭയുടെ തലവനും മാര്‍പാപ്പയുടെ വാക്കുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാ ദിനത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷ കൂടുതല്‍ ജനകീയമാക്കുവാന്‍ ആഗ്രഹിച്ചു. ഒരു മുസ്‌ലീം വനിതയുടെ പാദങ്ങള്‍ കഴുകുവാന്‍ അദ്ദേഹം തയ്യാറായി. ഈ മാതൃക എല്ലാ സഭകളും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സംശയിച്ച തോമ്മായുടെ പാരമ്പര്യം പ്രകടിപ്പിച്ചുകൊണ്ട് പൗരസ്ത്യനായ താന്‍ ഒരു സ്ത്രീയുടെ പാദങ്ങള്‍ കഴുകണമോ എന്നു ചോദിച്ചു. അതാണു പൗരസ്ത്യ പാരമ്പര്യം. നമുക്കു ലജ്ജിക്കാം!

കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതന്‍ ജനാഭിമുഖമായി നില്‍ക്കണമെന്നു ജനം ആഗ്രഹിച്ചാലും ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പിനു വഴങ്ങാന്‍ നിവൃത്തിയില്ലാത്തതിന്റെ കാരണം മനസ്സിലാവുന്നു. ദൈവജനം ക്ഷമയോടെ കാത്തിരിക്കുക.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org