ദേവസ്സിക്കുട്ടി പടയാട്ടില്‍, കാഞ്ഞൂര്‍
നമ്മുടെ കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോകുന്നതു കാണുന്നില്ലേ? കാണുന്നെങ്കില്‍ ഈ ചക്കളത്തിപോരാട്ടം നിറുത്തണം. "ഓപ്പറേഷന്‍ സക്‌സസ് ബട്ട് പേഷ്യന്റ് ഡെ ഡ്" എന്ന അവസ്ഥ ഉണ്ടായാല്‍ ആര്‍ക്ക് എന്തു പ്രയോജനം. അതിരൂപതാ ഭൂമി ഇടപാടിന്റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഈ നിലയില്‍ പോയാല്‍ വലിയ ഒരു ദുരന്തമാണ് ഉണ്ടാകാന്‍ പോകുന്നത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസു നടത്തുമ്പോള്‍ ഉണ്ടാകുന്ന സമയ നഷ്ടവും ധനനഷ്ടവും എന്താണെന്നു പല കേസുകള്‍ നടത്തേണ്ടി വന്നിട്ടുള്ള ഒരു ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിയില്‍ എനിക്കു നന്നായിട്ട് അറിയാം. കേസുകള്‍ക്കു വേ ണ്ടി ഇരുഭാഗങ്ങളും ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. ഇത്തരം നിയമയുദ്ധങ്ങളില്‍ സാധാരണ വിശ്വാസികള്‍ക്കു യാതൊരു താല്പര്യവുമില്ല. അതുകൊണ്ടു എല്ലാ കേസുകളും ഉടനെ അവസാനിപ്പിക്കണം. എന്നിട്ടു കോടതിക്കു പുറത്തു "ഒരു ജെന്റില്‍മാന്‍ എഗ്രിെമന്റ്" ഉണ്ടാക്കണം. ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ വ്യക്തിയെ കണ്ടുപിടിച്ച് അദ്ദേഹത്തിനു സര്‍വ്വാധികാര സമ്മതപത്രം കൊടുക്കണം. ആ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്ത് പരസ്പരം കൈമാറണം. അതിലെ വകുപ്പുകള്‍ ചോദ്യം ചെയ്യാന്‍ ആര്‍ ക്കും അവകാശം ഉണ്ടാകരുത്. യോജിപ്പും ഐക്യവും പരസ്പര വിശ്വാസവും ഉണ്ടായാല്‍ മാത്രമേ ഇതു വിജയിക്കാന്‍ പോകുന്നുള്ളൂ. അതിന് തയ്യാറില്ലെങ്കില്‍ ദൈവജനം മാപ്പു തരില്ല.
കേരള സഭ ഇന്ന് അവഗണനയുടെ പടുക്കുഴിയിലാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ആര്‍ക്കും ഏതു മതത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു ഹരിജന്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇത് എന്തൊരു അന്യായമാണ്? ചോദ്യം ചെയ്യാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പറ്റിയ സഭാനേതൃത്വവും രാഷ്ട്രീയനേതൃത്വവും ഉയര്‍ന്നെഴുന്നേല്ക്കണം.