
ചത്തും കൊന്നും സ്വന്തം മതത്തെ ലോകമെങ്ങും വ്യാപിപ്പിച്ചുകൊണ്ട് സാങ്കല്‍പിക സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായിത്തീരാം എന്ന പ്രതീക്ഷ പുലര്‍ത്തുന്ന (അന്ധ) മത വിശ്വാസികള്‍ ഒന്നു മനസ്സിലാക്കണം. നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വളരുന്നു. അവരുടെ മതം ലോകമെങ്ങും വ്യാപിക്കുന്നു. കൊല്ലപ്പെടുമ്പോഴും വിശ്വാസത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു.
മറ്റു മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെയും തങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാത്തവരെയും കൊന്നു തള്ളിയും ചുട്ടു ചാമ്പലാക്കിയും തട്ടിക്കൊണ്ടുപോയും മറ്റും സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആരെയാണു നിങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്? ഓര്‍ക്കുക, നിങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന മതത്തെ തീവ്രചിന്താഗതിക്കാരായ നിങ്ങളില്‍ ചിലര്‍ ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ മൂലം അതില്‍ വിശ്വസിക്കുന്ന വിശ്വാസികള്‍ വേട്ടയാടപ്പെടുന്നു, കൊല്ലപ്പെടുന്നു. ലോകം അവരെ സംശയത്തോടെ വീക്ഷിക്കുന്നു.
തീവ്രവാദ സംഘങ്ങള്‍ കൊലപ്പെടുത്തിയവരുടെ എണ്ണം കണ്ട് ആഹ്ലാദിക്കുകയല്ല, നിലവിളിക്കുകയാണു വേണ്ടത്. നിങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകള്‍ മൂലം നിങ്ങള്‍ കൊലപ്പെടുത്തുന്നതിന്റെ എത്രയോ ഇരട്ടി മത വിശ്വാസികളാണു വധിക്കപ്പെടുന്നത്. സ്വത്തിനും സുഖത്തിനും അധികാരത്തിനും വേണ്ടി സ്വന്തം സമുദായത്തെ അവരുടെ നേതാക്കള്‍ തന്നെ കുരുതി കൊടുക്കുന്ന വിചിത്ര കാഴ്ചയാണു നാം കാണുന്നത്.
ലോകം മുഴുവന്റെയും മുന്നില്‍ ഒരു മതവിഭാഗം മാത്രം എങ്ങനെ ഭീകരവാദികളായി മുദ്രകുത്തപ്പെട്ടു? ജീവിതം മുഴുവന്‍ എരിഞ്ഞടങ്ങേണ്ടി വരുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. നരകിച്ചു കഴിയേണ്ടി വരുന്ന ജനങ്ങള്‍ ഓര്‍ക്കുക, ഇത് ആരുടെ സംഭാവനയാണെന്ന്. ലോകമെങ്ങും നിരപരാധികളു ടെ ചോരപ്പുഴയൊഴുക്കി അതിനുമുകളിലാണ് ഒരിക്കലും വന്നുചേരാത്ത സ്വര്‍ഗ്ഗീയ സ്വപ്നങ്ങള്‍ കാണുന്നത്.
തീവ്രവാദികളെ ആത്മീയവാദികള്‍ എന്നു വിളിക്കുന്നവരുടെ അവകാശവാദങ്ങള്‍ പൊള്ളയാണ്. ആരുടെയൊക്കെയോ അധികാരമോഹത്തിനു വേണ്ടിയുള്ള കണിശമായ കണക്കുകൂട്ടലുകളോടു കൂടിയ പടപ്പുറപ്പാടുകളാണ് ഓരോന്നും.
അതിഭീകര തീവ്രവാദ സംഘങ്ങള്‍ അന്ധമായ വിശ്വാസങ്ങളുടെ പേരില്‍ നിസ്സഹായരായ മനുഷ്യരെ മരുഭൂമിയുടെ വിജനതയില്‍ കഠാരയുടെ മുന്നില്‍ അതിക്രൂരമായി കഴുത്തറത്തു കൊന്നു തള്ളുമ്പോള്‍, ജിഹാദ് വിളിച്ചുകൊണ്ട് തല കൊയ്യുമ്പോള്‍ ഒന്നോര്‍ക്കുക, ആകാശത്തു നിന്നും മിന്നല്‍പിണര്‍ പോലെ പാഞ്ഞു വരുന്ന അത്യാധുനിക ആയുധങ്ങളെ തടഞ്ഞു നിറുത്തുവാന്‍ നിങ്ങളുടെ തീവ്രവാദങ്ങള്‍ക്ക് കഴിയുകയില്ല. നിഷ്‌കളങ്കരായ ആത്മാക്കളുടെ രക്തം ഭൂമിയില്‍ പതിക്കുമ്പോള്‍ ലോകമെങ്ങുനിന്നും നിലവിളി കേള്‍ക്കുന്നത് നിങ്ങളുടെ കുടുംബങ്ങളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും തന്നെയാണ്. നിങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നത് അവരാണ്.
അര്‍ത്ഥമില്ലാത്ത വാദഗതികളുടെ പേരില്‍ പാവം മനുഷ്യരെ കൊന്നു തള്ളുമ്പോള്‍ നിങ്ങളോര്‍ക്കുക, നിങ്ങളൊരാളെ വധിക്കുമ്പോള്‍ ആര്‍ക്കു വേണ്ടിയാണോ നിങ്ങള്‍ കൊല്ലുന്നത് അവരുടെ നിലവിളികളാണ് ഉയരുന്നതെന്ന്. ഉറ്റവരുടെ കണ്ണീരൊപ്പാന്‍, അവരെ ആശ്വസിപ്പിക്കാന്‍ അടിസ്ഥാനമില്ലാത്ത വിശ്വാസം മാത്രം പോരാ, കാരുണ്യം തന്നെ വേണം. സന്മനസ്സുകള്‍ക്കു മാത്രമേ ഭൂമിയില്‍ സമാധാനം ലഭിക്കുകയുള്ളൂ. സ്വന്തം സമുദായത്തെ, മതത്തെ തിരിച്ചടികളില്‍ നിന്നു രക്ഷിക്കാന്‍ ഹൃദയം തുറന്നു, മനസ്സു തുറന്നു ചുറ്റുപാടുകള്‍ കാണുക, ചരിത്രം പഠിക്കുക.
ജോസഫ് നടക്കന്‍, ചേര്‍ത്തല