പ്രതിസന്ധികളെ നേരിടാന്‍ പഠിക്കണം

പ്രതിസന്ധികളെ നേരിടാന്‍ പഠിക്കണം
Published on

സത്യദീപത്തിലെ കാലവും കണ്ണാടിയും എന്ന പംക്തിയില്‍ ഫാ. ജിമ്മി പൂച്ചക്കാട്ട് അച്ചന്‍ എഴുതിയ ലേഖനം വളരെ നന്നായിരിക്കുന്നു. കോവിഡ് എന്ന മഹാമാരി സംഹാര താണ്ഡവമാടികൊണ്ടിരിക്കുന്ന ഈ ദുരിത കാലഘട്ടത്തില്‍ കൈവിട്ടു പോവുകയാണോ ഈ തലമുറയിലെ ബാല്യ കൗമാരങ്ങള്‍? മക്കളുടെ ജീവിതം ക്ലേശരഹിതവും നിരായാസവു മായിരിക്കണം എന്നാണ് ഒട്ടനവധി രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. ചൂടും തണുപ്പും വര്‍ധിച്ചാലോ, വിശപ്പും ദാരിദ്ര്യവും വന്നാലോ, മാനാപമാനങ്ങള്‍ നേരിട്ടാലോ, അവയെല്ലാം അവരെ തളര്‍ത്തുന്നു, ഭയപ്പെടുത്തുന്നു. വെല്ലുവിളികളെയും പ്രയാസങ്ങളെയും ആത്മധൈര്യത്തോടെ നേരിട്ട് ധീരമായി മുന്നേറാന്‍ ഒരു സാമൂഹികപാഠവും ഇന്ന് കുട്ടികളുടെ മുമ്പില്‍ ഇല്ല. നമ്മുടെ കുഞ്ഞുങ്ങളെ ബ്രോയിലര്‍ കോഴികള്‍ ആയി വളര്‍ത്താതെ സാമൂഹ്യ- രാഷ്ട്രീയ മേഖലകളിലെ പ്രശ്‌നങ്ങള്‍ അറിയാനും കേവലം അയല്‍വക്കങ്ങളിലെ എങ്കിലും സുഖദുഃഖങ്ങള്‍ അറിഞ്ഞ് ആകുന്ന സഹായ, സാന്ത്വനങ്ങള്‍ നല്‍കാനും അവര്‍ പഠിക്കണം. ഇളംതലമുറയെ സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കളുടെ സദുപദേശങ്ങളും ശിക്ഷണവും നല്‍കിയേ മതിയാകൂ. അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള വഴി തെളിച്ച് അവരെ വിട്ടേക്കുക. വീണും, എഴുന്നേറ്റും തട്ടിയും മുട്ടിയും മക്കള്‍ ജീവിതത്തില്‍ വിജയിക്കും. എന്നാല്‍ കരുണ, സ്‌നേഹം, സത്യസന്ധത, അനുകമ്പ എന്നീ മൂല്യങ്ങള്‍ അവരുടെ ജീവിതത്തില്‍ നിലനിര്‍ത്താനും മാതാപിതാക്കള്‍ക്ക് കഴിയണം.

കര്‍മാധിഷ്ഠിതമായിരിക്കണം കുട്ടികളുടെ ജീവിതം. മഹാന്മാരുടെ യും വിശ്വപ്രതിഭകളുടെയും ജീവചരിത്രങ്ങള്‍ വായിച്ചും അറിഞ്ഞും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവരുടെ ബാല മനോവീര്യത്തെ വീണ്ടെ ടുക്കണം. നിനച്ചിരിക്കാതെ വന്നു ചേര്‍ന്ന ഈ ആകസ്മിക വ്യാധിയില്‍ പതറാതെ അതിജീവനം തേടുന്ന കേരളത്തോട് ഒപ്പം നീങ്ങാം. ഈ സങ്കടകാലത്ത് മാനസിക ഉല്ലാസം ഇല്ലാതെ സമൂഹജീവിതത്തിന്റെ കൂട്ടായ്മ ഇല്ലാതെ കഴിഞ്ഞ് കൂടുന്ന നമ്മുടെ ബാലസമൂഹത്തെ ഉത്സാഹഭരിതരാക്കാം. കുടുംബപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നും, കുടുംബാംഗങ്ങള്‍ തമ്മില്‍ ഉള്ളു തുറന്ന് സംസാരിച്ചും നിര്‍മ്മലമായ വിനോദങ്ങളില്‍ ഏര്‍പ്പെട്ടും ഒരു പോറല്‍പോലും ഏല്‍ക്കാതെ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ച് പിടിക്കണം. അതോടൊപ്പം അടുക്കളതോട്ടങ്ങള്‍ ഉണ്ടാക്കിയും പച്ചക്കറികള്‍ ഉത്പാദിപ്പിച്ചും വൃക്ഷലതാദികളെ നട്ടു നനച്ചും പ്രകൃതിയുടെ ആരോഗ്യവും വീണ്ടെടുക്കാം.

സ്വന്തമായി സ്വപ്നങ്ങള്‍ ഉണ്ടാകുക, അതി നുവേണ്ടി അക്ഷീണം പ്രയത്‌നിക്കുക, മൂല്യാധിഷ്ഠിതമായ ജീവിത ത്തിലൂടെ സമൂഹത്തിന് മാതൃക ആവുക ഇവയൊക്കെ ആണ് ജീവിതത്തെ സൗന്ദരൃപൂര്‍ണമാ ക്കുന്നത്.

സി.പി. തോമസ് ചെമ്പിശ്ശേരി, അങ്കമാലി
cpthomaslic@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org