ശബ്ദമില്ലാത്തവരുടെ ശബ്ദം-സത്യദീപം

ജോര്‍ജ്ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

ശ്രീ. പയസ് ആലുംമൂട്ടിലിന്റെ കത്ത് (ലക്കം 10) വായിച്ച് സങ്കടപ്പെട്ടാണ് ഈ കത്ത് എഴുതുന്നത്.

2004-07 കാലഘട്ടത്തില്‍ ദീപികയ്ക്ക് പറ്റിയ തകര്‍ച്ച സത്യദീപത്തിനും വന്നു ഭവിച്ചത് സഹിക്കാവുന്നതിലും അപ്പുറമാണ്. അന്നു ദീപികയില്‍ നടന്ന കള്ളക്കളികള്‍ പൊതുസമൂഹത്തിനു മുമ്പില്‍ കൊണ്ടുവന്നത് സത്യദീപത്തില്‍ ബഹു. അടപ്പൂരച്ചന്‍ എഴുതിയ ലേഖനമാണ് എന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക?

ആരാധനാ വിഷയം ഒരു തര്‍ക്കമായപ്പോള്‍ സത്യദീപം നിര്‍ഭാഗ്യവശാല്‍ ഒരു പക്ഷം മാത്രം ചേര്‍ന്നു; മുന്‍ പതിവിന് വിപരീതമായി. സാധാരണയായി ഇങ്ങനെയുള്ള വിഷയങ്ങളില്‍ രണ്ടു പക്ഷക്കാര്‍ക്കും അഭിപ്രായം പറയുന്നതിന് ഒരുപോലെ അവസരം നല്കിയിരുന്നു. തന്മൂലം സഭയിലെ ഒരു പ്രബലവിഭാഗം സത്യദീപത്തെ എതിര്‍ക്കുക മാത്രമല്ല പരമാവധി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതു മലര്‍ന്നു കിടന്നു തുപ്പിയതിന് തുല്യമായി. ആര് എന്തു നേടി? കേരളസഭയുടെ ജിഹ്വയല്ലേ പറിച്ചെടുത്തത്!

ഇനി ദൈവശാസ്ത്ര വിഷയങ്ങള്‍ മാറ്റിവച്ച് മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളെ സത്യദീപം കൈകാര്യം ചെയ്യട്ടെ. മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടം, യുവതലമുറയെ കാര്‍ന്നു തിന്നുന്ന മദ്യലഹരി, നവോത്ഥാന കേരളത്തെ നാണം കെടുത്തിയ നരബലി, രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍... പിന്നെ നാടിനെ ഉപേക്ഷിച്ചു മറുനാടുകളില്‍ ചേക്കേറുന്ന യുവത. അങ്ങനെയെത്രയെത്ര നീറുന്ന പ്രശ്‌നങ്ങള്‍. ഇതൊന്നും വിന്‍കിട പത്രമുതാലാളിമാര്‍ക്ക് ഒരു പ്രശ്‌നമേയല്ലല്ലോ. സത്യദീപം പാവങ്ങളുടെ പക്ഷം നില്‍ക്കട്ടെ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകട്ടെ, സാക്ഷ്യം നില്‍ക്കട്ടെ.

If winter comes, shall spring be fur behind?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org