സാജു പോള്‍, തേക്കാനത്ത്
സത്യദീപത്തിന്റെ വേദപാഠ സ്‌പെഷ്യല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യം ഇതില്‍ അവതരിപ്പിക്കണം എന്നു തോന്നി. അത് മറ്റൊന്നുമല്ല, എറണാകുളം അതിരൂപതയിലെ വേദപാഠ വാര്‍ഷിക പരീക്ഷയെകുറിച്ചുതന്നെ. കുറച്ചു വര്‍ഷങ്ങളായി എറണാകുളം അതിരൂപതയില്‍ 10, 11, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തുന്നത് ജനുവരി അവസാന ഞായറാഴ്ചയാണ്.
വളരെ ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ടതും, ചെയ്യപ്പെടുന്നതും എന്ന് നമ്മള്‍ അവകാശപ്പെടുന്ന വേദപാഠക്ലാസുകളിലെ മുതിര്‍ന്ന കുട്ടികളുടെ പരീക്ഷയാണിത്. എന്നാല്‍ ഈ പരീക്ഷയ്ക്കായി തിര ഞ്ഞെടുത്തിരുക്കുന്ന ദിവസം ഉചിതമാണോ എന്ന് എല്ലാവരും ഗൗരവമായി ആലോചിക്കേണ്ടതാണ്.
കേരളത്തിലെ കത്തോലിക്ക ദേവാലയങ്ങളില്‍ പൊതുവെ തിരുനാളുകള്‍ നടക്കുന്ന മാസങ്ങളാണ് ജനുവരിയും ഫെബ്രുവരിയും. അതില്‍തന്നെ ഏറ്റവും കൂടുതല്‍ തിരുനാളുകള്‍ വരുന്ന ദിവസങ്ങളാണ് ജനുവരി അവസാനത്തെയും, ഫെബ്രുവരി ആദ്യത്തെയും ഞായറാഴ്ചകള്‍. നിര്‍ഭാഗ്യവശാല്‍ ഇതിലൊരു ഞായറാഴ്ചയാണ് വാര്‍ഷിക പരീക്ഷയ്ക്കായി മതബോധന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. ഇടവകയില്‍ മൂന്നോ നാലോ ദിവസങ്ങളിലെ ആഘോഷങ്ങള്‍ക്കിടയില്‍, ബഹളങ്ങള്‍ക്കിടയില്‍, കുട്ടികള്‍ക്ക് ഒരു പരീക്ഷ. എല്ലാ ദേവാലയങ്ങളിലും അന്ന് തിരുനാളല്ല. പക്ഷെ തിരുനാള്‍ ആഘോഷിക്കുന്ന ഇടവകകളിലെ പരീക്ഷാര്‍ത്ഥികളുടെ മാനസികാവസ്ഥ എന്തായിരിക്കും? അവര്‍ എങ്ങനെയെങ്കിലും പരീക്ഷ എഴുതിയാല്‍ മതി എന്നാണോ? സാഹചര്യം ഇങ്ങനെയാകുമ്പോള്‍ എത്ര കുട്ടികള്‍ ഈ പരീക്ഷയെ ഗൗരവത്തിലെടുക്കും?
ഇടവക ദേവാലയത്തിലെ തിരുനാളിനു നടുവില്‍ വേദപാഠ പരീക്ഷ എഴുതേണ്ടി വരുന്ന നമ്മുടെ കുട്ടികളുടെ ബുദ്ധിമുട്ടു നാം കാണാതെ പോകരുത്. എറണാകുളം അതിരൂപതയില്‍ കുറച്ചു ഇടവകകള്‍ മാത്രമായിരിക്കാം ഈ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നത്. പക്ഷെ ആ ഇടവകകളെയും പരിഗണിക്കണം. അതുകൊണ്ടു അതിരൂപത മതബോധന കേന്ദ്രം ഈയൊരു വിഷയം ഗൗരവമായി ചിന്തിക്കണമെന്നും, ഉചിതമായ ഒരു തീരുമാനം ഈ കാര്യത്തില്‍ വേണമെന്നും അഭിപ്രായപ്പെടുന്നു. സാധിക്കുമെങ്കില്‍ ഈ അധ്യയന വര്‍ഷത്തില്‍ തന്നെ ഇതിനൊരു മാറ്റമുണ്ടാകണമെന്നും ആഗ്രഹിക്കുന്നു.