
ലക്കം 17-ലെ സത്യദീപത്തില്‍ അഴകുള്ള ലോകം സൃഷ്ടിക്കാന്‍ എന്ന ശീര്‍ഷകത്തിലുള്ള ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ലേഖനം വളരെയേറെ പുതുചിന്താധാരകള്‍ പകരുന്ന ഒന്നായിരുന്നു. സാധാരണ പൊതുബോധത്തില്‍നിന്നും എന്നും വഴിമാറി സഞ്ചരിക്കുന്ന ഒരാളാണ് ബോബിയച്ചന്‍. എല്ലാറ്റിനും യുവജനങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ അച്ചന്റെ വീക്ഷണത്തില്‍ പങ്കുകാരായാല്‍ തലമുറകള്‍ തമ്മിലുള്ള അന്തരം ഒരളവുവരെ കുറയ്ക്കാന്‍ കഴിഞ്ഞേക്കും. മനുഷ്യന്റെ എന്തിലുള്ള ലാഭചിന്തയും, വിദ്യാഭ്യാസം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യമായുള്ള ഇരുളില്‍നിന്നും വെൡത്തിലേയ്ക്ക് സഹജീവികളെ കൈപിടിച്ചുയര്‍ത്താനുള്ള മാര്‍ഗ്ഗമാകാത്തതിന്റെ വ്യാകുലതയും അച്ചന്‍ പങ്കുവയ്ക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും അതില്‍ ഉള്‍ച്ചേരുന്നു.
ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ നമ്മള്‍ പുതിയ ഒരാളായിത്തീരുന്ന അനുഭവം ഉണ്ടാകും. സുതാര്യമായി, ഭാഷയുടെ കാലുഷ്യമില്ലാതെ, നല്ല തെളി നീരൊഴുക്കുംപോലെയുള്ള ആ രചനാശൈലിയാണ് സാമാന്യം ദീര്‍ഘമായ ഈ ലേഖനം ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്നത്.
ആ ലക്കത്തില്‍തന്നെ സര്‍വ്വാദരണീയനായ അദ്ധ്യാപകനും മികച്ച വാഗ്മിയും എഴുത്തുകാരുമായ സാനുമാഷിനെക്കുറിച്ചുള്ള എം, അജോയ്കുമാറിന്റെ ഓര്‍മ്മക്കുറിപ്പ്, ആ വ്യക്തിത്വത്തെക്കുറെക്കൂടി അടുത്തറിയാന്‍ പര്യാപ്തമായി. അതില്‍ ലേഖകന്‍ സാനുമാഷിന് ഒരു പുസ്തകം കൊടുക്കുന്ന കാര്യ പറയുന്നുണ്ടല്ലോ?
തമ്മില്‍ സംസാരിച്ചു പിരിഞ്ഞശേഷം നാലുവര്‍ഷം കഴിഞ്ഞാണ് ആ പുസ്തകം കൊടുക്കുന്നത്. നേരിട്ടല്ലാതെയും പുസ്തകം എത്തിക്കാമെന്നിരിക്കെ നാലു വര്‍ഷം താമസിപ്പിക്കേണ്ടതില്ലായിരുന്നുവെന്നു തോന്നി. ഇതെന്റെ ഒരു സന്ദേഹം മാത്രം! എന്റേ കൂടി പ്രിയപ്പെട്ട എഴുത്തുകാരനായ സാനുമാഷിനെക്കുറിച്ചുള്ള സ്വാനുഭവം വിവരിച്ചത് നന്നായി.