''ദരിദ്രര്‍ക്ക് നീതി ഉറപ്പു വരുത്തുന്ന രാജാവിന്റെ സിംഹാസനം ഉറച്ചു നില്‍ക്കും''

ജോസ്‌മോന്‍, ആലുവ
''ദരിദ്രര്‍ക്ക് നീതി ഉറപ്പു വരുത്തുന്ന രാജാവിന്റെ സിംഹാസനം ഉറച്ചു നില്‍ക്കും''

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുകൊണ്ട് ഫാ. സുരേഷ് പള്ളിവാതുക്കല്‍ OFMCap മാര്‍ച്ച് 30-ലെ സത്യദീപത്തില്‍ എഴുതിയ നിരീക്ഷണം വായിച്ചപ്പോള്‍ വലിയ സങ്കടമാണ് തോന്നിയത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരായ വോട്ടര്‍മാരെയും അവര്‍ വിവേകപൂര്‍വ്വം വിനിയോഗിച്ച സമ്മതിദാന അവകാശത്തെയും ആദരവോടെ കാണാന്‍ ലേഖകന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ നിരീക്ഷണം ഗംഭീരമായി നടത്തിയെങ്കിലും ക്രിയാത്മകമായിരുന്നില്ല ജനം വീണ്ടും അധികാരത്തിലേറ്റിയ സര്‍ ക്കാരുകളുടെ നന്മ കാണാനോ അത് അംഗീകരിക്കാനോ സാധിക്കാത്ത നിഷേധാത്മക നിലപാടുകള്‍ ആയിരുന്നു ഉയര്‍ത്തിക്കാട്ടിയത്. ''കര്‍ഷകസമരത്തിന്റെ കഠോരവേദനകളും മഹാമാരിക്കാലത്ത് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നതും ആളുകള്‍ ഗൗനിച്ചില്ലെന്ന്'' അദ്ദേഹം വിലപിക്കുന്നു.

പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള അനുഭാവം തെറ്റല്ല. എന്നാല്‍ നമ്മുടെ രാജ്യ ത്ത് ജനാധിപത്യപരമായ പ്രക്രിയയിലൂടെ അധികാരത്തില്‍ വന്ന ചില സര്‍ക്കാരുകളോട് മാത്രം എന്തിനാണീ അസഹിഷ്ണുത...? അവരും നമ്മുടെ സ്വന്തമല്ലേ...? അവരും ദൈവികമല്ലേ? ലോകം മുഴുവന്‍ ആദരിക്കുന്നവരെ നിരന്തരം നിന്ദിക്കുന്നതിലൂടെ നാം സമൂഹത്തിന് നല്കുന്നത് തെറ്റായ സന്ദേശമല്ലേ...? ''ദരിദ്രന് നീതി ഉറപ്പ് വരുത്തുന്ന രാജാവിന്റെ സിംഹാസനം ഉറച്ച് നില്‍ക്കും'' (സുഭാഷിതം 29:14). ജീവിതത്തില്‍ വന്നുപോയ തെറ്റുകള്‍ക്ക് സ്വന്തം ജീവിതംകൊണ്ട് തന്നെ പരിഹാരം ചെയ്യാന്‍ തയ്യാറാവുമ്പോള്‍ ദാവീദിനെപ്പോലെ അവന്‍ ദൈവത്തിന്റെ ഹൃദയത്തിന് ഇണങ്ങിയവനാകും. ജനത്തിന്റെ ചങ്കില്‍ അവന്‍ ഇടം നേടും. നമ്മള്‍ അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല.

ആദരണീയനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പ്രതിവര്‍ഷം 6000/- രൂപയാണ് രാജ്യത്തെ ഓരോ കര്‍ഷകന്റെയും അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്നത്. അവനത് വലിയ ആശ്വാസമാണ്. പഴയ കോട്ടണ്‍തുണി മാത്രം ഉപയോഗിക്കാന്‍ വിധിക്കപ്പെട്ട പെണ്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വെറും ഒരു രൂപയ്ക്ക് പ്രധാനമന്ത്രി ജന്‍ഔഷധിയിലൂടെ സാനിട്ടറി നാപ്കിന്‍ വരെ ലഭ്യമാക്കി (ഇന്ന് മൂന്നു രൂപ). നിര്‍ധന രോഗികള്‍ക്ക് കുറഞ്ഞവിലയ്ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍, വഴിയോര കച്ചവടക്കാര്‍, തട്ടുകടക്കാര്‍, ചെരുപ്പുകുത്തികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും രാജ്യത്ത് ആദ്യമായി ക്ഷേമനിധി ഏര്‍പ്പെടുത്തി. ഇങ്ങനെ എത്രയെത്ര നന്മകള്‍... ഞാനടക്കമുള്ള ദരിദ്രര്‍ നേരിട്ട് അനുഭവിക്കുന്നു. പ്രിയമുള്ളവരെ, ദാരിദ്ര്യത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയവര്‍ക്കേ ദരിദ്രന്റെ വേദന മനസ്സിലാകൂ.

അതുകൊണ്ട് ദരിദ്രന് വേണ്ടി നിലകൊള്ളുന്നവരെ രാജ്യത്തിന്റെ പരമാധികാരിയായ 'ദരിദ്രര്‍' അ ധികാരത്തിലെത്തിക്കും. 'മതവും രാഷ്ട്രീയവുമല്ല അത് ദരിദ്രന്‍ തീരുമാനിക്കും.' സത്യമിതായിരിക്കെ, നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കാനും വിശ്വസിക്കാനും നാം ക്രൈസ്തവ മാധ്യമങ്ങളും എഴുത്തുകാരും വായനക്കാരെ പ്രേരിപ്പിക്കരുത്. അനീതിയെ എതിര്‍ക്കണം. തിന്മയെ ചെറുക്കണം എന്നാല്‍ നീതി ജലംപോലെ ഒഴുകണം നന്മ ആര് ചെയ്താലും അംഗീകരിക്കണം. 'സത്യംദീപമായ് എന്നും പ്രകാശിക്കണം.' അതാണ് ക്രൈസ്തവധര്‍മ്മം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org