പീഡാസഹനത്തിന്റെ ദൈവശാസ്ത്രം

പീഡാസഹനത്തിന്റെ ദൈവശാസ്ത്രം
  • തോമസ് മാത്യു, മഞ്ഞപ്ര

മഹത്‌വചനങ്ങളുടെ വിചാരധാരയാണ് മതം. വിചാരധാരയുടെ സൃഷ്ടാക്കളുടെ പേരില്‍ മതമറിയപ്പെടുന്നു. ക്രിസ്തുവചനങ്ങളുടെ വിചാരധാരയെ ക്രിസ്തുമതം എന്നു വിളിക്കപ്പെടുന്നു. ഈ വിചാരധാരയെ എതിര്‍ക്കുന്നവര്‍ അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് വിചാരധാര അനുകൂലിക്കുന്നവര്‍ക്കെതിരെയാണ്. അനുകൂലിക്കുന്നവരെ തകര്‍ക്കാനും ഇല്ലാതാക്കാനും ഉള്ള ആക്രമണങ്ങളെ മതമര്‍ദനം അഥവാ മതപീഡനം എന്നു വിളിക്കുന്നു. ഈ ആക്രമണങ്ങള്‍ സ്വന്തക്കാരില്‍ നിന്നോ അന്യരില്‍ നിന്നോ ഉണ്ടാകാം. ഈ സാഹചര്യങ്ങളില്‍ ഒരു ഭാഗത്ത് പീഡിതരും മറുഭാഗത്ത് പീഡകരുമാണ്. ഇവിടെ പീഡിതര്‍ പീഡകരോട് സ്വീകരിക്കേണ്ടുന്ന ദൈവശാസ്ത്ര സമീപനമെന്താണ് എന്നതാണ് പ്രസക്തമായ ചോദ്യം.

പീഡനങ്ങള്‍ സ്വന്തം കുടുംബത്തില്‍ നിന്നോ, കൂട്ടുകാരില്‍ നിന്നോ, അന്യരില്‍ നിന്നോ, അധികാരികളില്‍ നിന്നോ ഉണ്ടാകാം. ആരില്‍ നിന്നായാലും ഏത് സാഹചര്യത്തിലായാലും പീഡിതര്‍ സ്വീകരിക്കേണ്ടുന്ന ദൈവശാസ്ത്ര സമീപനം അറിയുന്നതിന് ക്രിസ്തുമതത്തിന്റെ ആരംഭകാല ചരിത്രത്തിലെ സാക്ഷ്യങ്ങള്‍ പരിശോധിച്ചാല്‍ മതി.

തടവറയില്‍ അടയ്ക്കപ്പെട്ട പൗലോസും സീലാസും രാത്രിയില്‍ കീര്‍ത്തനങ്ങള്‍ പാടി ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നതിനാല്‍ ബന്ധനങ്ങള്‍ അഴിഞ്ഞു വീഴുകയും തടവറവാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തു. ഇതെല്ലാം കണ്ടുനിന്ന കാവല്‍ പട്ടാളക്കാര്‍ പശ്ചാത്താപത്തോടെ പൗലോസിനെ സമീപിച്ച് ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് അപേക്ഷിച്ചു പറഞ്ഞു. പൗലോസ് പ്രസംഗിക്കുന്ന ക്രിസ്തു ആരെന്ന് അവരറിഞ്ഞു. അവരും കുടുംബവും മാനസാന്തരപ്പെട്ട് മാമ്മോദീസ സ്വീകരിച്ചു

പൗലോസ് മുമ്പ് 'സാവൂള്‍' എന്ന പേരില്‍ പീഡകരുടെ നേതാവായി പ്രവര്‍ത്തിച്ചു വരവേ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ സാക്ഷിയായിരുന്നു. പീഡനസമയത്ത് സ്‌തെഫാനോസ് ദൈവസ്തുതികള്‍ നടത്തിയതും പീഡകര്‍ക്കായി പ്രാര്‍ത്ഥിച്ചതും അന്ന് കണ്ടറിഞ്ഞ സാവൂള്‍ ശത്രുപക്ഷത്തുനിന്നും മിത്രപക്ഷത്തേക്ക് മാനസാന്തരപ്പെടുവാന്‍ കാരണമായി. റോമന്‍ ചക്രവര്‍ത്തിമാര്‍ മതപീഡനത്തിന്റെ ഭീകരത വര്‍ധിപ്പിച്ചതോടെ വിശ്വാസികള്‍ പീഡനത്തെപ്രതിയുള്ള സ്തുതി കീര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടിയതും അതോടെ സംഹാര നേതൃത്വം വഹിച്ച റോമന്‍ ചക്രവര്‍ത്തി സംരക്ഷണ നേതൃത്വം ഏറ്റെടുത്തതും ചരിത്ര വസ്തുതയാണ്.

ഇവിടെയെല്ലാം വെളിവാക്കപ്പെടുന്ന ഒരു വസ്തുതയുണ്ട്. ക്രിസ്തുവചനം സ്വീകരിക്കുകയും ക്രിസ്തുവഴിയില്‍ സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടുന്ന സമീപനം പ്രതിഷേധത്തിന്റെയോ, പ്രതിരോധത്തിന്റെയോ, പരിദേവനത്തിന്റെയോ, പരിഭവത്തിന്റെയോ, പ്രത്യാക്രമണത്തിന്റെയോ അല്ല. മറിച്ച് പീഡനത്തെപ്രതിയുള്ള ദൈവസ്തുതിയുടെയും പീഡകരുടെ രക്ഷയ്ക്കുവേണ്ടിയുള്ള അപേക്ഷയുടെയും സമീപനമായിരിക്കണം എന്നതാണ്.

ദൈവസ്തുതിപ്പില്‍ ദൈവിക സാന്നിധ്യം ഇറങ്ങിവരികയും പീഡിതരും പീഡകരും ഒരുപോലെ സത്യം മനസ്സിലാക്കി മാനസാന്തരപ്പെടുകയും ദൈവമഹത്വം ദര്‍ശിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org