
മാനവ വിഭവശേഷി ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞ് പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും കൂടുതല്‍ അനുകൂല്യങ്ങള്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ ഭാരതം ഇക്കാര്യത്തില്‍ തലതിരിഞ്ഞു ചിന്തിക്കാന്‍ ആരംഭിച്ചിരിക്കുന്നു. നാം രണ്ട് നമുക്ക് ഒന്ന് എന്ന തെറ്റായ പ്രചരണം ഏതാണ്ട് അസ്തമിച്ചു. വിനാശ കാലേ വിപരീത ബുദ്ധി എന്ന നിലയില്‍ ഭാരതത്തിലെ ചില സംസ്ഥാനങ്ങള്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നിരത്തി ശിശുക്കളുടെ ജനനനിരക്കിന് തട യിടാന്‍ ആരംഭിച്ചു കഴിഞ്ഞു. ആസാമില്‍നിന്നും ആരംഭിച്ച ഈ പകര്‍ച്ച വ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിന് കുപ്രസിദ്ധി ആര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ് കോവിഡ്മൂലം ഗംഗാനദിയില്‍ പാതി സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഒഴുകി നടക്കുമ്പോള്‍ ഭരണകൂടം ശിശുജനനനിരക്ക് നിയന്ത്രിക്കാന്‍ ഹീനമായ സൗജന്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നാലഞ്ച് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഒരു ബക്കറ്റും നൂറ്റമ്പതുരൂപയോ മറ്റോ നല്‍കി വന്ധ്യംകരണ ക്യാമ്പുകള്‍ നടത്തിയത് ആരും വിസ്മരിച്ചിട്ടില്ല. ആകെയുള്ള സന്താനത്തിന് എന്തെങ്കിലും കാരണവശാല്‍ മരണം സംഭവിച്ചാല്‍ മാതാപിതാക്കന്മാര്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഇക്കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മുറിച്ചു വേര്‍പ്പെടുത്തിയ ജൈവമാര്‍ഗ്ഗങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാകാത്തതുകൊണ്ട് ജീവിതം മുഴുവന്‍ സങ്കടക്കടലാക്കിയവരും കുറവല്ല. ഇപ്പോള്‍ മനുഷ്യനെ നടുക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിലെ മരണനിരക്ക് വര്‍ദ്ധിച്ചു വരുന്നതും തള്ളിക്കളയാനാകില്ല. സന്താന നിയന്ത്രണം പുരോഗതിക്ക് തടസ്സമെന്ന് കരുതിയിരുന്ന ചൈന പോലും അവരുടെ നയം തിരുത്തിയല്ലോ.
ഒരു സര്‍ക്കാര്‍ ജോലി ഏതൊരു പൗരന്റെയും ആഗ്രഹവും അവകാശവുമാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് അത് നിഷേധിക്കപ്പെടുമ്പോള്‍ പൗരാവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സര്‍ക്കാര്‍ വിലങ്ങുതടിയാകുന്നു. വ്യക്തിസ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തെ നിഷേധിക്കുന്ന ഈ സംസ്ഥാനങ്ങളുടെ നയത്തിന് കോടതികളുടെ അന്തിമതീര്‍പ്പ് അനുകൂല മാകാനും സാധ്യതയില്ല. കുട്ടികളുടെ എണ്ണമല്ല, യോഗ്യതയല്ലേ സര്‍ക്കാര്‍ ജോലികളുടെ അടിസ്ഥാനം. അതിനാണല്ലോ പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുള്ളത്.
ഈ നയത്തിന്റെ കരട് രേഖ പരിശോധിക്കുമ്പോള്‍ ഒരു ഭീഷണിയുടെ ശൈലിയും കാണാം. രണ്ട് കുട്ടികളില്‍ കൂടുതലുള്ള വര്‍ക്ക് സബ്‌സിഡികള്‍ നിഷേധിക്കുക, പദ്ധതികളില്‍ നിന്നുള്ള സഹായങ്ങള്‍ നല്‍കാതിരിക്കുക എന്നതെല്ലാം ഈ ദുരന്ത കാലത്തെ ജനവിരുദ്ധ പരിപാടികളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള അര്‍ഹതയില്ല എന്നതുകൊണ്ട് കാട്ടുനീതിയായെ കണക്കാക്കാന്‍ സാധിക്കൂ. ജോലിക്കയറ്റം തടയുക, റേഷന്‍ വെട്ടിച്ചുരുക്കുക എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനപരമായ പൗരസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. വന്ധ്യംകരണം നടത്തുന്നവര്‍ക്ക് സ്‌പെഷ്യല്‍ ആനു കൂല്യങ്ങളും കരട് നയത്തിലുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ അപമാനിക്കുംവിധം കുട്ടികളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നു; ആണ്‍കുട്ടി ഒന്നിനു 80,000 രൂപ, പെണ്‍കുട്ടിക്ക് ഒരുലക്ഷം! ശിശുക്കളുടെ യഥാര്‍ത്ഥ മൂല്യം അറിയാത്ത ഒരു ഭരണകൂടത്തിന് മാത്രമേ ഇങ്ങനെ ചിന്തിക്കാന്‍ കഴിയൂ.
ആസാമിലെയും ഉത്തര്‍ പ്രദേശിലെയും ജനങ്ങള്‍ മാത്രമല്ല, ഇന്ത്യാരാജ്യം മുഴുവന്‍ ഇതിനെ ശക്തമായി എതിര്‍ക്കേണ്ടതാണ്. ഇതിന്റെ പിന്നിലെ വര്‍ഗ്ഗീയ അജണ്ടയും തിരിച്ചറിയേണ്ടതുണ്ട്. പല കാര്യങ്ങളിലും പൗരന്മാര്‍ നിസ്സംഗത തുടര്‍ന്നാല്‍ പൗരത്വം തന്നെ നഷ്ടപ്പെടാന്‍ ഇനി അധികം വൈകില്ല. ധാര്‍മ്മികത വിസ്മരിക്കുന്ന നേതാക്കന്മാരില്‍ നിന്നും ഇനിയും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രതീക്ഷിക്കാം.
അനുബന്ധം: ആളെക്കൂട്ടാന്‍ റിഡക്ഷന്‍ സെയ്‌ലുകള്‍
തൊഴിലുകള്‍: ഇവിടെ തത്വങ്ങള്‍ വില്‍ക്കാനും റിഡക്ഷന്‍ സെയ്ല്‍.
ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്