
മാര്‍ ആന്റണി പടിയറയെ അനുസ്മരിക്കുന്ന വിശേഷാല്‍ പതിപ്പ് ഓര്‍മ്മകള്‍ ഉണര്‍ത്തി. എല്ലാ ലേഖനങ്ങളും ശ്രദ്ധേയവും ഹൃദയസ്പര്‍ശിയുമായിരുന്നു.
1971 ഡിസംബറില്‍ ഒരു വിമാനയാത്രയിലാണ് ഞാന്‍ പടിയറ പിതാവിനെ ആദ്യമായി കാണുന്നത്. രണ്ടു വര്‍ഷം അമേരിക്കയില്‍ ഒരു പഠനം കഴിഞ്ഞു മടങ്ങുമ്പോള്‍ മുംബൈയില്‍ നിന്നു കൊച്ചിയിലേക്കുള്ള ഫ്‌ളയ്റ്റിനു ഗോവ വിമാനത്താവളത്തില്‍ ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. പുറത്തു മരത്തണലില്‍ കുറേപ്പേര്‍ നില്‍ക്കുന്നതു കണ്ട് അവിടേക്കു ചെന്നപ്പോഴാണ് നീണ്ടു വെളുത്ത താടിമീശയുള്ള, കഴുത്തില്‍ വെള്ളിക്കുരിശുമാലയണിഞ്ഞ വയോധികനെ കണ്ടത്. അങ്ങ് ഒരു ബിഷപ്പാണോ എന്ന എന്റെ ചോദ്യത്തിനു ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പാണെന്നു മറുപടി കിട്ടി. ഞാന്‍ ആദരവോടെ മോതിരംചുംബിച്ചു. അമേരിക്കയിലായതിനാല്‍ കാവുകാട്ടു പിതാവിനുശേഷം ഭരണമേറ്റെടുത്ത പടിയറ പിതാവിനെക്കുറിച്ച് ഞാന്‍ ഓര്‍ത്തില്ല.
തുടര്‍ന്നു ഗോവയില്‍ നിന്നു കൊച്ചിവരെ പിതാവിന്റെ ഇടതുവശത്തെ സീറ്റിലിരുന്നു അദ്ദേഹത്തിന്റെ മധുര ഭാഷണം ശ്രവിച്ചു. ഇതിനിടയില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലും തൃക്കാക്കര ഭാരതമാതാകോളജിലും ബോട്ടണി അധ്യാപികയായിരുന്ന എന്റെ സഹോദരി സിസ്റ്റര്‍ ജാനിറ്റയെക്കുറിച്ചു ഞാന്‍ പിതാവിനോടു സംസാരിച്ചു. ഊട്ടിയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കു വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുമ്പോള്‍ സി. ജാനിറ്റ പിതാവിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ വച്ചു യാത്രപിരിയുമ്പോള്‍ പിതാവിനെ സ്വീകരിക്കാന്‍ എത്തിയ വൈദികര്‍ക്ക് പിതാവ് എന്നെ പരിചയപ്പെടുത്തുകയുണ്ടായി. കുറച്ചു നാള്‍ കഴിഞ്ഞ് അതിരൂപതയുടെ ആദ്യത്തെ പാസ്റ്ററല്‍ കൗണ്‍സിലില്‍ പിതാവ് എന്നെ നോമിനേറ്റു ചെയ്തുകൊണ്ടുള്ള അറിയിപ്പുകിട്ടി. നിസ്സാരനായ എന്നെ പിതാവ് മറന്നില്ല.
സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ അതിരൂപതാ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്ത് പിതാവിനെ കൂടുതല്‍ അടുത്തറിയാന്‍ ഇടയായി. സൊസൈറ്റിയുടെ വാര്‍ഷികം ആചരിക്കുമ്പോള്‍ ഒരു ദിവസം മുഴുവന്‍ ഞങ്ങളോടൊത്ത് പിതാവ് ഉണ്ടാകും. അന്നത്തെ ധ്യാനപ്രസംഗം, വി. കുര്‍ബാന, സ്‌നേഹവിരുന്ന് തുടങ്ങി എല്ലാ ചടങ്ങുകളിലും പിതാവിന്റെ സാന്നിധ്യം ഉണ്ടാകും. ഒരിക്കല്‍ തെക്കന്‍ മേഖലയില്‍നിന്നുവന്ന തമിഴ് മക്കള്‍ക്കുവേണ്ടി തമിഴിലും പിതാവു പ്രസംഗിച്ചതോര്‍ക്കുന്നു.
സത്യദീപത്തിലെ ലേഖനങ്ങളെല്ലാം തന്നെ അഭിവന്ദ്യ പിതാവിന്റെ എല്ലാ മഹത്ഗുണങ്ങളും എടുത്തുകാട്ടുന്നവയാണ്. ഇത്രമാത്രം ജനപ്രീതി നേടിയ മെത്രാന്മാരോ മെത്രാപ്പോലീത്തമാരോ കേരളസഭയില്‍ വേറെ ആരുണ്ട്? മഹാനായ പടിയറ പിതാവിനെ അനുസ്മരിച്ചുകൊണ്ട് വിശേഷാല്‍ പതിപ്പു പ്രസിദ്ധീകരിച്ച സത്യദീപത്തിനു അഭിനന്ദനങ്ങള്‍.
ജയിംസ് ഐസക്ക്, കുടമാളൂര്‍